ലോകത്ത് ഏറ്റവുമധികം മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയത് ഇസ്രായേൽ; റിപ്പോർട്ടുമായി സിപിജെ

ന്യൂയോർക്ക്: 2025-ൽ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗം പേരെയും കൊലപ്പെടുത്തിയത് ഇസ്രായേലാണെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) റിപ്പോർട്ട്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 129 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ, അതിൽ 84 പേരെയും ഇസ്രായേൽ കൊലപ്പെടുത്തിയതാണെന്ന് സിപിജെയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 1992-ൽ സിപിജെ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കൊലപാതക നിരക്കാണിത്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പലസ്തീൻ മാധ്യമപ്രവർത്തകരാണ്. ഇതിനുപുറമെ, യെമനിലെ പത്ര ഓഫീസുകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 31 ജീവനക്കാരെയും വധിച്ചു. ലോകത്താകമാനം രേഖപ്പെടുത്തിയ 47 ആസൂത്രിത കൊലപാതകങ്ങളിൽ 38 എണ്ണവും നടത്തിയത് ഇസ്രായേലാണ്. ഗാസയിലെ യുദ്ധസാഹചര്യങ്ങളും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകളും കാരണം ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ യഥാർത്ഥ കണക്ക് ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നും സിപിജെ വ്യക്തമാക്കി.
ഷിറീൻ ഡോട്ട് പിഎസ് എന്ന നിരീക്ഷണ വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ ഏകദേശം മുന്നൂറോളം മാധ്യമപ്രവർത്തകരെ ഇസ്രായേൽ കൊന്നൊടുക്കിയിട്ടുണ്ട്.
ഗാസയ്ക്കും യെമനും പുറമെ 2025-ൽ കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലും ക്രിമിനൽ സംഘങ്ങൾ സജീവമായ മെക്സിക്കോയിലുമാണ്. സുഡാനിൽ ഒൻപത് പേരെയും മെക്സിക്കോയിൽ ആറ് പേരെയും കൊലപ്പെടുത്തി. റഷ്യൻ സൈനികാക്രമണങ്ങളിൽ നാല് ഉക്രേനിയൻ മാധ്യമപ്രവർത്തകരെയും വധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.










0 comments