print edition സിപിസി അഞ്ചാം പ്ലീനറി സമ്മേളനം സമാപിച്ചു

ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഇരുപതാം കേന്ദ്ര കമ്മിറ്റിയുടെ അഞ്ചാം പ്ലീനറി സമ്മേളനം ബീജിങ്ങിൽ നടന്നപ്പോൾ
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) ഇരുപതാം കേന്ദ്ര കമ്മിറ്റിയുടെ അഞ്ചാം പ്ലീനറി സമ്മേളനം ബീജിങ്ങിൽ സമാപിച്ചു. സമ്പൂർണവും കർശനവുമായ പാർടി സ്വയം നവീകരണം സംബന്ധിച്ച സുപ്രധാന പ്രമേയം യോഗം അംഗീകരിച്ചു. അച്ചടക്കം കർശനമാക്കൽ, രാഷ്ട്രീയമായ കരുത്ത് വർധിപ്പിക്കൽ, പ്രശ്നാധിഷ്‌ഠിത സമീപനം, ചട്ടക്കൂടുകൾ പാലിച്ചുള്ള പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച മാർഗനിർദേശ തത്വങ്ങൾ മുന്നോട്ടുവച്ചു.
തിങ്കൾ മുതൽ വ്യാഴം വരെ സിപിസി കേന്ദ്ര കമ്മിറ്റി പൊളിറ്റ്ബ്യൂറോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷി ജിൻപിങ് സുപ്രധാന പ്രമേയത്തിന്റെ കരട് രേഖ അവതരിപ്പിച്ചു. നാലാം പ്ലീനറി സമ്മേളനത്തിന് ശേഷമുള്ള പൊളിറ്റ്ബ്യൂറോയുടെ പ്രവർത്തനങ്ങളെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പുതിയ കാലഘട്ടത്തിൽ പാർടി അച്ചടക്കം ശക്തമാക്കുന്നതിൽ കൈവരിച്ച നേട്ടങ്ങളെ യോഗം പ്രശംസിച്ചു.
സമ്പൂർണവും കർശനവുമായ പാർടി സ്വയം നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുകൂല സാഹചര്യം നിലവിലുള്ളപ്പോള്‍തന്നെ, ഈ പരിശ്രമത്തിൽ നിരവധി പുതിയ സാഹചര്യങ്ങളെയും പുതിയ പ്രശ്നങ്ങളെയും നേരിടുന്നുണ്ടെന്ന് സിപിസി സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ കമ്മ്യൂണിക്ക ചൂണ്ടിക്കാട്ടി. അഴിമതി ആരോപണങ്ങളെയും ചട്ടലംഘനങ്ങളെയും തുടര്‍ന്ന് ചില പ്രമുഖസെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും പാര്‍ടിയില്‍ നിന്ന് പുറത്താക്കിയ നടപടി യോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. "പുതിയ കാലഘട്ടത്തിനായുള്ള ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ജിൻപിങ് ചിന്ത' പൂർണമായി നടപ്പാക്കാനും സിപിസി സെൻട്രൽ കമ്മിറ്റി ആഹ്വാനം ചെയ്തു. പാർടിയുടെ 21–-ാമത് കോൺഗ്രസ് 2027 രണ്ടാം പകുതിയിൽ ബീജിങ്ങിൽ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.








0 comments