കോവിഡ്-19: പുതിയൊരു വകഭേദം കൂടി വ്യാപിക്കുന്നു; രോഗ ലക്ഷണങ്ങൾ എന്തൊക്കെ?

ന്യൂഡൽഹി: ഏഷ്യ, യുകെ, യുഎസ് വൻകരകളിൽ കോവിഡിന്റെ പുതിയൊരു വകഭേദം കൂടി പടർന്നുപിടിക്കുന്നു. NB.1.8.1 എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന 'നിംബസ്' എന്ന കോവിഡ് വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് ഒമിക്രോൺ വകഭേദത്തിന്റെ ഉപ വകഭേദമാണ്. തൊണ്ടയ്ക്ക് കടുത്ത വേദന അനുഭവപ്പെടുന്നതാണ് രോഗ ലക്ഷണം. ചില്ലുകഷ്ണങ്ങൾ വിഴുങ്ങിയതുപോലെയുള്ള വേദനയാകും അനുഭവപ്പെടുക.
ജൂൺ 7 വരെ യുഎസിലെ ഏകദേശം 37% കേസുകളും നിംബസ് ബാധയാണെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. അതായത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ മൂന്നിലൊന്ന് ഭാഗവും നിബംസ് വൈറൽ ബാധയാണ്. കാലിഫോർണിയ, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഇല്ലിനോയിസ് എന്നിവയുൾപ്പെടെ 13 യുഎസ് സംസ്ഥാനങ്ങളിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ചൈനയിലും നിംബസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഠിനമായ തൊണ്ടവേദനയ്ക്ക് പുറമേ, രോഗബാധിതരായ വ്യക്തികൾക്ക് മൂക്കൊലിപ്പ്, ക്ഷീണം, നേരിയ ചുമ, പനി, രുചിയും മണവും നഷ്ടപ്പെടൽ, വിശപ്പില്ലായ്മ, പേശിവേദന എന്നിങ്ങനെ ഒമിക്‌റോണിന് സമാനമായ ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ട്. വയറിളക്കം, ഓക്കാനം എന്നിവ നിബംസ് രോഗലക്ഷണമായി വളരെ വിരളമായി മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളു. പൊതുവെ നേരിയ, മിതമായ ലക്ഷണങ്ങളാണ് പുതിയ വകഭേദത്തിനുള്ളത്. രോഗ വ്യാപനം വേഗത്തിലാണെങ്കിലും രോഗതീവ്രത ഗുരുതരമാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 5,976 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 1219 പേർ രോഗമുക്തി നേടി. ഒമിക്രോൺ ഉപ വകഭേദങ്ങളായ എൽഎഫ്.7, എക്സ്എഫ്ജി, ജെഎൻ.1, പുതുതായി തിരിച്ചറിഞ്ഞ എൻബി.1.8.1 എന്നിവയെ തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ വർദ്ധിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിൽ 1309 ആക്ടീവ് കേസുകളുണ്ട്. 75 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒന്നും ഡൽഹിയിൽ രണ്ടും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
0 comments