Deshabhimani

ആഗോള കാലാവസ്ഥാ ഉച്ചകോടി തീരുമാനമില്ലാതെ പിരിഞ്ഞു; ഫോസിൽ ഇന്ധനങ്ങളെ കുറിച്ച് മൗനം പാലിച്ച കരട് രേഖ അംഗരാജ്യങ്ങള്‍ തള്ളി

cop 31
വെബ് ഡെസ്ക്

Published on Nov 23, 2026, 10:51 AM | 2 min read

അന്റാല്യ: ആഗോള താപന നിയന്ത്രണത്തിൽ ഐക്യ പ്രഖ്യാപനം സാധ്യമാവാതെ ഐക്യരാഷ്ട്രസഭയുടെ കോപ്പ്-31 കാലാവസ്ഥാ ഉച്ചകോടി പിരിഞ്ഞു. ഫോസിൽ ഇന്ധനങ്ങളെ കുറിച്ച് പരാമര്‍ശം ഇല്ലാതെ പുറത്തിറക്കിയ അന്തിമ കരട് രേഖ പ്രതിഷേധം മൂലം ഒപ്പുവെക്കാനായില്ല.


തുര്‍ക്കിയിലെ അന്റാല്യയിൽ ചേർന്ന 31-ാമത് ഉച്ചകോടി ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ധാരണയിൽ എത്താൻ കഴിയാത്തതിനെ തുടര്‍ന്ന് 24 മണിക്കൂറിലധികം അനിശ്ചിതത്വത്തിൽ തുടര്‍ന്നു. ആഗോള താപനം കുറയ്ക്കാനുള്ള അന്താരാഷ്ട്ര കരാറിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, കൽക്കരി തുടങ്ങി ഫോസിൽ ഇന്ധനങ്ങളെ കുറിച്ച് പരാമർശിക്കണോ എന്നത് തര്‍ക്കത്തിലായി.


സമവായ സാധ്യത മങ്ങിയതോടെ തിടുക്കപ്പെട്ട് കരട് രേഖ പുറത്തിറക്കി എങ്കിലും ഫോസിൽ ഇന്ധന നിയന്ത്രണം സംബന്ധിച്ച പരാമ‌ശം ഒഴിവാക്കിയതും മൂന്നാം ലോക രാജ്യങ്ങൾക്ക് നിയന്ത്രണം മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഫണ്ട് ഉയര്‍ത്തുന്നതും ഉൾപ്പെടെ കാര്യങ്ങളിൽ സമവായത്തിൽ എത്താൻ കഴിയാഞ്ഞത് വലിയ പ്രതിഷേധം ഉയര്‍ത്തി. അംഗരാജ്യങ്ങൾ വഴങ്ങിയില്ല. ഞായറാഴ്ച പുലർച്ചെയാണ് 10 പേജുള്ള കരട് രേഖ പ്രഖ്യാപിക്കാനായത്.


Related News

കരട് രേഖയിന്മേൽ എതിർപ്പുകളോ മാറ്റങ്ങളോ നിർദ്ദേശിക്കാൻ പ്രതിനിധികൾക്ക് വെറും മൂന്ന് മണിക്കൂർ സമയം മാത്രമാണ് അധ്യക്ഷൻ അനുവദിച്ചത്. പുലർച്ചെ മൂന്ന് മണിക്ക് ശേഷമാണ് രേഖ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായി ലഭ്യമാക്കിയത് എന്നതിനാൽ രാജ്യങ്ങൾക്കും പരിസ്ഥിതി പ്രവർത്തകർക്കും ഇതിനോട് ഉടൻ പ്രതികരിക്കാൻ സാധിച്ചില്ല.ഇതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.


രണ്ടാഴ്ചത്തെ ഉച്ചകോടി നവംബര്‍ 20 വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു. അഭിപ്രായ ഭിന്നതകള്‍ കാരണം ഞായറാഴ്ചത്തേക്ക് നീളുകയായിരുന്നു. പല രാജ്യങ്ങളുടെയും പ്രതിനിധികള്‍ അസ്വസ്ഥരായി മടങ്ങി. കരട് രേഖയുടെ അംഗീകാരത്തിനുള്ള വോട്ടെടുപ്പിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയില്ലെന്ന് ഇതോടെ ഉറപ്പായിരുന്നു.


ഐക്യരാഷ്ട്രസഭയുടെ (UN) ആഭിമുഖ്യത്തിൽ നടക്കുന്ന 31-ാമത് അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയാണ് കോപ്-31 (COP31 - 31st Conference of the Parties). ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടുന്നതിനായി ലോകരാജ്യങ്ങൾ വർഷംതോറും ഒത്തുചേരുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വേദിയാണിത്. 1992-ൽ രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉടമ്പടിയിൽ (UNFCCC) ഒപ്പുവെച്ച ഏകദേശം 200-ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഭൂമിയുടെ താപനില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ പിടിച്ചുനിർത്താനുള്ള 2015-ലെ പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ നേടാൻ കഴിയാതെ പോയ സാഹചര്യത്തിലാണ് ഇത്തവണത്തെ സമ്മേളനം.


കരട് രേഖയുടെ ആദ്യ വരിയിൽ 2023 ലെ ദുബായ് ഉച്ചകോടിയിലെ യുഎഇ സമവായത്തെ അനുസ്മരിക്കുന്നുണ്ട്. എന്നാൽ പത്ത് പേജുള്ള കരടിൽ ഒരിടത്തും ഫോസിൽ, എണ്ണ, കൽക്കരി, ഘട്ടം ഘട്ടമായ ഒഴിവാക്കൽ എന്നീ നിര്‍ണായക പദങ്ങള്‍ ഇടംപിടിച്ചില്ല. ദുബായ് ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാൻ ലോകരാജ്യങ്ങൾ ചേര്‍ന്ന് അന്തിമ ധാരണയിൽ എത്തിയിരുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടികളുടെ ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ആദ്യമായി ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് ഔദ്യോഗിക രേഖയിൽ പരാമർശിക്കുകയും അവയിൽ നിന്ന് പിന്മാറാൻ ആഹ്വാനം ചെയ്യുകയും ചെയ്തു എന്നതാണ് ദുബായ് കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിൽ നിന്നും വലിയ പിന്നോക്കം പോക്കാണ് തുര്‍ക്കിയിൽ സംഭവിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home