ഡച്ച് രാജകുമാരികളെ വധിക്കാന്‍ ഗൂഢാലോചന; 33 കാരന്‍ പിടിയില്‍

അമാലിയ, സഹോദരി അലക്സിയ | image credit: X
ഹേഗ്: ഡച്ച് രാജകുടുംബാംഗങ്ങളെ വധിക്കാൻ ശ്രമിച്ച 33 കാരനെ പിടികൂടിയതായി നെതർലൻഡ്സ് അധികൃതർ. ഡച്ച് രാജകുമാരിമാരായ കാതറിന അമാലിയ, സഹോദരി അലക്സിയ എന്നിവർക്ക് നേരെയാണ് വധശ്രമം നടന്നതെന്നാണ് റിപ്പോർട്ട്.
പ്രതിയുടെ പക്കൽ നിന്നും ഒരു മഴു കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച ഡച്ച് കോടതിയിൽ ഹാജരാക്കും. ഫെബ്രുവരിയിലാണ് രാജകുമാരികളെ വധിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നത്. ഇയാളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയെ പരാമർശിക്കുന്ന അലക്സിയ, മൊസാദ് തുടങ്ങിയ വാചകങ്ങൾ എഴുതിയിരുന്നു. നാസി കാസഘട്ടത്തിൽ അഭിവാദ്യം ചെയ്തിരുന്നു സീഗ് ഹെയ്ൽ എന്നും എഴുതിയിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കൂടാതെ അമാലിയ, അലക്സിയ, രക്തച്ചൊരിച്ചിൽ എന്ന വാക്കുകളടങ്ങിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പ്രതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വില്ലെം അലക്‌സാണ്ടർ രാജാവിന്റെയും മാക്‌സിമ രാഞ്ജിയുടെയും മക്കളാണ് അമാലിയയും അലക്‌സിയയും. ഏപ്രിൽ 27 ന് നടന്ന 'കിങ്‌സ് ഡേ' ആഘോഷത്തിൽ വൻ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ഇവർ പങ്കെടുത്തിരുന്നത്. ഇതിനുപിന്നാലെയാണ് ഫെബ്രുവരിയിൽ രാജകുമാരിമാർക്ക് നേരേ നടന്ന വധശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.











0 comments