കൊക്കെയിൻ കൃഷി തടയാനെത്തിയ വിമാനത്തിന് നേരെ ആക്രമണം; കൊളംബിയയിൽ 17 മരണം

ആന്റിയോക്വിയ: കൊളംബിയയിൽ വ്യാഴാഴ്ചയുണ്ടായ കാർ ബോംബ് സ്ഫോടനത്തിലും പോലീസ് ഹെലികോപ്റ്ററിന് നേരെയുണ്ടായ ആക്രമണത്തിലും 17 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
കൊക്കെയിൻ അസംസ്കൃത വസ്തുവായ കൊക്ക ഇല പാടം നശിപ്പിക്കാനായി വടക്കൻ കൊളംബിയയിലെ ആന്റിയോക്വിയയിലെ ഒരു പ്രദേശത്തേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകുകയായിരുന്ന ഹെലികോപ്റ്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 12 പോലീസ് ഉദ്യോഗസ്ഥർ മരിച്ചു. ആന്റിയോക്വിയ ഗവർണർ ആൻഡ്രൂസ് ജൂലിയൻ മരണ വാർത്ത സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും പറഞ്ഞു.
കൊക്ക ഇല പാടത്തിന് മുകളിലൂടെ പറക്കുന്നതിനിടെ ഹെലികോപ്റ്ററിനെ ആക്രമിച്ചാണ് അപകടം. ആക്രമണത്തെത്തുടർന്ന് വിമാനത്തിൽ തീപിടുത്തമുണ്ടായതായി പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് വെളിപ്പെടുത്തി.
തെക്കുപടിഞ്ഞാറൻ നഗരമായ കാലിയിലെ സൈനിക വ്യോമയാന സ്കൂളിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം പൊട്ടിത്തെറിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കൊക്ക കൃഷിക്ക് എതിരായ നടപടികൾക്ക് തുടർച്ചയായാണ് ആക്രമണങ്ങൾ. FARC എന്നറിയപ്പെടുന്ന കൊളംബിയയിലെ റെവല്യൂഷണറി ആംഡ് ഫോഴ്‌സിലെ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സജീവ മയക്കുമരുന്ന് കാർട്ടലായ ഗൾഫ് ക്ലാനെയും സംശയിക്കുന്നു. വലതുപക്ഷ തീവ്രവാദ ഗ്രൂപ്പാണിത്. സ്ഫോടന പ്രദേശത്ത് ഈ ഗ്രൂപ്പിലെ ഒരു അംഗത്തെ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് പറഞ്ഞു.
2016 ലെ സർക്കാരുമായുള്ള സമാധാന കരാർ നിരസിച്ച FARC വിമതരും ഗൾഫ് ക്ലാനെ അംഗങ്ങളും ആന്റിയോക്വിയ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.
കൊളംബിയയിൽ കൊക്ക ഇല കൃഷി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈമിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2023 ൽ കൃഷി ചെയ്യുന്ന വിസ്തീർണ്ണം റെക്കോർഡ് വിസ്തൃതിയായ 2,53,000 ഹെക്ടറിലെത്തി. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന അളവാണിത്.









0 comments