'സൂപ്പർ എൽ നിനോ'; ആഗോളതാപനം പ്രതിസന്ധി രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന 'സൂപ്പർ എൽ നിനോ' പ്രതിഭാസം വരും മാസങ്ങളിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ വർധനവ് മൂലം താപനില റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ, ഇത്തവണത്തെ എൽ നിനോ ഭൂമിയിലെ കാലാവസ്ഥയെ കൂടുതൽ പ്രളയങ്ങളിലേക്കും കടുത്ത വരൾച്ചയിലേക്കും തള്ളിവിടുമെന്ന് ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കി.
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ എൽ നിനോ പ്രതിഭാസം ശക്തമാകാൻ 80 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് പുതിയ വിലയിരുത്തൽ. പസഫിക് സമുദ്രത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസിലധികം ഉയരുന്ന സാഹചര്യത്തിലാണ് ഇതിനെ 'സൂപ്പർ എൽ നിനോ' എന്ന് വിശേഷിപ്പിക്കുന്നത്.
ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കടുത്ത ഉഷ്ണതരംഗത്തിനും മഴക്കുറവിനും ഇത് കാരണമാകും. ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കാലവർഷത്തിന്റെ താളം തെറ്റാൻ ഇത് ഇടയാക്കിയേക്കാം.
പസഫിക് മേഖലയിലെ ചൂടുകൂടിയ കാറ്റ് കാരണം വടക്കേ അമേരിക്ക, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ അപ്രതീക്ഷിത പ്രളയത്തിനും കടുപ്പമേറിയ കൊടുങ്കാറ്റുകൾക്കും സാധ്യതയുണ്ട്. കാർഷിക മേഖലയെ നേരിട്ട് ബാധിക്കുന്നതോടെ ആഗോളതലത്തിൽ ഉൽപ്പാദനം കുറയാനും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ഇത് വഴിവെക്കും.
എൽ നിനോ ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും മനുഷ്യനിർമ്മിതമായ ആഗോളതാപനം ഇതിന്റെ തീവ്രത ഇരട്ടിയാക്കുകയാണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു. കടലിലെ താപനില ക്രമാതീതമായി ഉയരുന്നത് സമുദ്ര ജീവികളുടെ നിലനിൽപ്പിനെയും പവിഴപ്പുറ്റുകളെയും സാരമായി ബാധിക്കും. വരാനിരിക്കുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ ലോകരാജ്യങ്ങൾ അടിയന്തര മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ലോക കാലാവസ്ഥാ സംഘടന ആവശ്യപ്പെട്ടു.










0 comments