ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തര കൊറിയയിലേക്ക്; ഏഷ്യൻ മേഖലയിൽ നിർണായക രാഷ്ട്രീയ നീക്കം

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്ത ആഴ്ച ഉത്തര കൊറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തും. വെള്ളിയാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ചൈനീസ് ഭരണത്തലവൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായിരിക്കും സന്ദർശനം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരുമായി ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഷി ജിൻപിങ്ങിന്റെ ഉത്തര കൊറിയൻ യാത്ര എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
അടുത്ത കാലത്തായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയുമായി തന്ത്രപരമായ സൈനിക ബന്ധം സ്ഥാപിച്ചിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ സൈന്യത്തെയും അത്യാധുനിക ആയുധങ്ങളെയും അയച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആണവ പ്ലാന്റ് വെളിപ്പെടുത്തി കിം ജോങ് ഉൻ;
ഷി ജിൻപിങ്ങിന്റെ സന്ദർശന പ്രഖ്യാപനത്തിന് തൊട്ടു തലേദിവസമാണ് ഉത്തര കൊറിയ തങ്ങളുടെ പുതിയ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് പുറംലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ ആണവശക്തി "വൻതോതിൽ" വർദ്ധിപ്പിക്കുമെന്ന് പ്ലാന്റ് സന്ദർശിച്ചുകൊണ്ട് കിം ജോങ് ഉൻ പ്രഖ്യാപിക്കുകയും ചെയ്തു.
ആഗോളതലത്തിൽ അമേരിക്കൻ മേധാവിത്വത്തിനെതിരെ ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിക്കുന്ന ഒരു പുതിയ അന്തരീക്ഷമാണ് നിലവിലുള്ളത്. ഉത്തര കൊറിയക്കെതിരെ ഉപരോധങ്ങൾ കടുപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ യുഎൻ സുരക്ഷാ കൗൺസിലിൽ വീറ്റോ അധികാരം ഉപയോഗിച്ച് ചൈനയും റഷ്യയും മുൻപ് ചെറുത്തിട്ടുണ്ട്. ഉത്തര കൊറിയക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെയും സൈനിക സമ്മർദ്ദങ്ങളെയും സംയുക്തമായി എതിർക്കുമെന്ന് കഴിഞ്ഞ മാസം പുടിനും ഷിയും വ്യക്തമാക്കിയിരുന്നു.










0 comments