ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ അഞ്ചാം പ്ലീനത്തിന് തുടക്കം

ചൈനീസ് കമ്യൂണിസ്റ്റ് പാർടി പ്ലീനത്തിൽ പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ
ബെയ്ജിങ് : ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ അഞ്ചാം പ്ലീനത്തിന് ബെയ്ജിങ്ങിൽ തുടക്കമായി. തിങ്കളാഴ്ച ആരംഭിച്ച യോഗം നാലുദിവസം നീണ്ടുനിൽക്കും. ഷി ജിൻപിങ് ആണ് കേന്ദ്ര കമ്മിറ്റി പ്ലീനത്തിന് നേതൃത്വം നൽകുന്നത്. പാർടിക്കുള്ളിലെ അച്ചടക്കം ശക്തമാക്കുക, അഴിമതി തടയുക, ഭരണകാര്യക്ഷമത വർധിപ്പിക്കുക എന്നീ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. പ്ലീനത്തിൽ കേന്ദ്രകമ്മിറ്റിയിലെ മുന്നൂറോളം അംഗങ്ങളാണ് പങ്കെടുക്കുന്നത്.
അഴിമതി തടയുന്നതിനൊപ്പം പാർടി നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക, ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക, ഭരണസംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ പരിഗണനയിലുണ്ട്. പ്ലീനത്തിൽ പാർടിയുടെ മുന്നോട്ടുള്ള നടപടികളെ കുറിച്ച് ഷി ജിൻപിങ് കരട് രേഖ അവതരിപ്പിച്ചു.
2012ൽ അധികാരത്തിലെത്തിയതിനുശേഷം ഷി ജിൻപിങ് അഴിമതിക്കെതിരെ കർശനമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. മുതിർന്ന ഉദ്യോഗസ്ഥരും സൈനിക മേധാവികളും ഉൾപ്പെടെ നിരവധി പേർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. 2022ൽ രൂപീകരിച്ച നിലവിലെ കേന്ദ്രകമ്മിറ്റിയുടെ അഞ്ചാമത്തെ പ്ലീനമാണിത്. 2027ൽ നടക്കാനിരിക്കുന്ന പാർടി കോൺഗ്രസിന് മുന്നോടിയായുള്ള പ്രധാന യോഗമെന്ന നിലയിൽ ഈ പ്ലീനത്തിന് പ്രാധാന്യമുണ്ട്.









0 comments