കേന്ദ്ര ആനുകൂല്യം ബിജെപി ഓഫീസ് വഴി; ഭിന്നശേഷി സഹായം വിതരണം ചെയ്തത് ബിജെപി ജില്ലാ പ്രസിഡന്റ്

കാസർകോട്: കേന്ദ്ര സർക്കാർ പദ്ധതി പ്രകാരമുള്ള ഭിന്നശേഷി ആനുകൂല്യങ്ങൾ,സ്വന്തം പാർടി പരിപാടിയായി വിതരണം ചെയ്ത് ബിജെപി ഓഫീസ്. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള എഡിഐപി പദ്ധതിപ്രകാരമുള്ള ധനസഹായവും ഉപകരണങ്ങളുമാണ് കാസർകോട് പുല്ലൂരിലെ ബിജെപി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് വിതരണം ചെയ്തത്.
യാതൊരു ജനപ്രാതിനിധ്യവുമില്ലാത്ത ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിയാണ് ആനുകൂല്യ വിതരണ ഉദ്ഘാടനം ചെയ്തത്. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ കേളോത്ത് സ്വദേശി അനൂപിന് മോട്ടോറൈസ്ഡ് ട്രൈസൈക്കിൾ കൈമാറുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
സാധാരണയായി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തേണ്ടതും അർഹരായവരിലേക്ക് സഹായമെത്തിക്കേണ്ടതും ജില്ലാ ഭരണകൂടം വഴിയും സാമൂഹിക നീതി വകുപ്പ് മുഖേനയുമാണ്. കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടക്കേണ്ട സർക്കാർ പദ്ധതി പൂർണമായും ബിജെപി ഓഫീസിലേക്ക് മാറ്റിയതിന് പിന്നിൽ വലിയ ദുരൂഹതയാണുള്ളത്.
ചടങ്ങിൽ ബിജെപി നേതാക്കൾ മാത്രമാണ് പങ്കെടുത്തത്. സംഭവം വിവാദമായതോടെ ഇതൊരു ട്രസ്റ്റിന്റെ പരിപാടിയാണെന്ന വാദവുമായി ബിജെപി രംഗത്തെത്തി. അപ്പോഴും സർക്കാർ സഹായം എന്തിനാണ് ബിജെപി ഓഫീസിലേക്ക് വിളിച്ച് വരുത്തി നേതാക്കളുടെ നേതൃത്വത്തിൽ വിതരണം ചെയ്തതെന്ന ചോദ്യത്തിന് ബിജെപി നേതൃത്വത്തിന് ഉത്തരമില്ല.
ഭരണസംവിധാനങ്ങളെയും മാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്തി സർക്കാർ പദ്ധതികളെ സ്വന്തം പാർടിയുടെ പ്രചാരണായുധമാക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.









0 comments