Deshabhimani

മുംബൈ വിമാനത്താവളത്തിൽ ടെർമിനൽ പുനർനിർമാണം; സർവീസുകൾ നവി മുംബൈയിലേക്ക്

mumbai airport
വെബ് ഡെസ്ക്

Published on Oct 26, 2026, 04:13 PM | 1 min read

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 പുനർനിർമാണത്തിന്റെ ഭാഗമായി ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും തിരഞ്ഞെടുത്ത വിമാന സർവീസുകൾ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നു.


പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് പുറമെ ധാക്ക, ജക്കാർത്ത, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കും ഇവിടെനിന്ന് സർവീസുകൾ ലഭ്യമാകും. രണ്ട് വിമാനക്കമ്പനികളും നിലവിലെ മുംബൈ വിമാനത്താവളത്തിലും പ്രവർത്തനം തുടരും.


ഡിസംബറിൽ ആഭ്യന്തര സർവീസുകളുമായി തുടക്കം


എയർ ഇന്ത്യ എക്‌സ്പ്രസ് 2026 ഡിസംബറിൽ നവി മുംബൈയിൽനിന്ന് പ്രതിദിനം നാല് ആഭ്യന്തര സർവീസുകൾ ആരംഭിക്കും. 2027 ജനുവരി മുതൽ ഒമാനിലേക്കുള്ള നിലവിലെ സർവീസുകളും അനുമതി ലഭിക്കുന്നതനുസരിച്ച് കുവൈത്തിലേക്കുള്ള സർവീസുകളും മാറ്റാനാണ് പദ്ധതി. ജിദ്ദ, റിയാദ്, ദമ്മാം, ദോഹ, മസ്‌കത്ത്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത സർവീസുകളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. 2027 മാർച്ചോടെ മാറ്റം പൂർത്തിയാക്കാനാണ് ലക്ഷ്യം.


12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോ


ഇൻഡിഗോ 2027 ഫെബ്രുവരിയിൽ നവി മുംബൈയിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും. ജൂലൈയോടെ 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് പദ്ധതി.


ബഹ്‌റൈൻ, റിയാദ്, ദമ്മാം, ജിദ്ദ, മദീന, കുവൈത്ത്, റാസ് അൽ ഖൈമ, ഫുജൈറ, മസ്‌കത്ത്, ധാക്ക, ജക്കാർത്ത എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാറ്റും. കാഠ്മണ്ഡുവിലേക്ക് പുതിയ പ്രതിദിന സർവീസും ആരംഭിക്കും. അന്താരാഷ്ട്ര യാത്രക്കാർക്ക് കണക്ഷൻ സൗകര്യം ഒരുക്കാൻ തിരഞ്ഞെടുത്ത ആഭ്യന്തര സർവീസുകളും നവി മുംബൈയിലേക്ക് മാറ്റും. എന്നാൽ ഓരോ റൂട്ടിലെയും മാറ്റത്തിന്റെ കൃത്യമായ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.


എല്ലാ വിമാനങ്ങളും നവി മുംബൈയിലേക്ക് മാറില്ല


പുനർനിർമാണത്തിന്റെ ഭാഗമായി ഇൻഡിഗോയുടെ എല്ലാ സർവീസുകളും നവി മുംബൈയിലേക്ക് മാറ്റില്ല. ചില സർവീസുകൾ നിലവിലെ മുംബൈ വിമാനത്താവളത്തിലെ ടെർമിനൽ 2ലേക്ക് മാറ്റും. അതിനാൽ കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ പുറപ്പെടുന്ന വിമാനത്താവളവും ടെർമിനലും പ്രത്യേകം പരിശോധിക്കണം.


സർവീസുകൾ പുനഃക്രമീകരിക്കുന്നതിലൂടെ നിലവിലെ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനും നവി മുംബൈയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് ലക്ഷ്യം. 2027ൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ വർധിപ്പിക്കാനും ഇൻഡിഗോ പദ്ധതിയിടുന്നുണ്ട്. പുതിയ റൂട്ടുകളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home