നെടുമ്പാശേരി വാഹനക്കുരുതി : പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

കൊച്ചി : നെടുമ്പാശേരിയിൽ മദ്യലഹരിയിൽ 19 കാരൻ ഓടിച്ച വാഹനമിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയാൻ 28 ലേക്ക് മാറ്റിയത്. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷനും പൊലീസും കോടതിൽ പറഞ്ഞു.
നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. സുഹൈലിന് പുറമെ ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരാണ് കേസിലെ പ്രതികൾ.
അതേസമയം, കേസിൽ ഒന്നാം പ്രതിയായ സുഹൈലിനെ വെട്ടിലാക്കുന്ന നിർണായക ശബ്ദരേഖ കോടതിയിൽ. അപകടത്തെക്കുറിച്ച് പ്രതികൾ വിവരിക്കുന്ന ശബ്ദരേഖ ലഭിച്ചുവെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്ന് പ്രതികൾ സുഹൃത്തുക്കളെ വാട്സ്ആപ്പ് വഴി അറിയിച്ചു.
അമീൻ, ജോയൽ എന്നിവരോട് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ സുഹൃത്ത് പറയുന്നതും ഓഡിയോയിലുണ്ട്. അപകട ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
മൂന്നാം പ്രതി ജോയലിന്റെ ശബ്ദ രേഖയാണ് സുഹൈലിന് കുരുക്കായി മാറിയത്. സുഹൈൽ മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചു. സുഹൈൽ നന്നായി മദ്യപിച്ചിരുന്നു. വരുന്ന വഴിക്ക് കാർ സ്കൂട്ടറിൽ തട്ടി. മൂന്നുപേർ മരിച്ചു. ഞങ്ങൾ സ്ഥലത്ത് നിന്ന് രക്ഷപെട്ടു എന്നായിരുന്നു അപകട ശേഷം പ്രതി ജോയൽ സുഹൃത്തിന് ആയച്ച ശബ്ദ രേഖയിൽ പറഞ്ഞിരുന്നത്. നാട്ടുകാർ വന്നപ്പോൾ വാപ്പ നോക്കിക്കോളും എന്ന് സുഹൈൽ പറഞ്ഞതായും ശബ്ദരേഖ വ്യക്തമാക്കുന്നുണ്ട്. വാഹനം സ്ഥിരമായി അമിത വേഗത്തിൽ ഓടിക്കുന്നതിൻ്റെ തെളിവുകൾ ലഭിച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കി.









0 comments