Deshabhimani

ദളിത് ഗവേഷകനോട് നീതികേട് തുടരുന്നവരുടെ മുഖംമിനുക്കുപരിപാടിക്ക് ഞങ്ങളില്ല: ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ

Kerala university
വെബ് ഡെസ്ക്

Published on Oct 26, 2026, 05:35 PM | 1 min read

തിരുവനന്തപുരം : അക്കാദമിക-ഭരണ പ്രതിസന്ധികളിൽ നട്ടംതിരിയുമ്പോഴും മുഖംമിനുക്കുന്ന ഗിമിക്കുകളിലാണ് കേരള സർവകലാശാല നേതൃത്വമെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ. ദളിത് ​ഗവേഷകനോട് നീതികേട് തുടരുന്നവരുടെ മുഖംമിനുക്കു പരിപാടിക്ക് തങ്ങളില്ലെന്നും സിൻഡിക്കേറ്റംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.


കോൺവോക്കേഷനിൽ നിന്ന് സിൻഡിക്കേറ്റ്-സെനറ്റ്-അക്കാദമിക്ക് കൗൺസിൽ അംഗങ്ങൾ വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിസിയുടെ വാദങ്ങൾ തെറ്റായ പ്രചാരവേലയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.


മുഴുവൻസമയ വൈസ് ചാൻസലറോ പ്രോ-വൈസ് ചാൻസലറോ സ്ഥിരമായ മറ്റ് സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരോ കേരള സർവകലാശാലയ്ക്ക് ഇല്ലാതായിട്ട് വർഷങ്ങളാകുന്നു. അക്കാദമിക-ഭരണ പ്രതിസന്ധികളിൽ നട്ടംതിരിയുകയാണ് കേരളസർവ്വകലാശാല. കഴുത്തൊപ്പം പ്രതിസന്ധികളിലാകുമ്പോഴും മുഖംമിനുക്കുന്ന ഗിമിക്കുകളിലാണ് സർവ്വകലാശാലാ നേതൃത്വം.സർവ്വകലാശാലയുടെ പ്രത്യേക ആദരവേറ്റുവാങ്ങുന്ന ബഹുമാന്യവ്യക്തിത്വങ്ങളോട് ഞങ്ങൾക്ക് അല്പവും ബഹുമാനക്കുറവില്ല. അവരുടെ മഹത്വമാർന്ന സേവനത്തെ ഞങ്ങൾ മാനിക്കുന്നു.അതൊരു പരിചയാക്കാൻ ശ്രമിക്കുന്നവരോട് യോജിപ്പില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.


സർവകലാശാലയുടെ എല്ലാചട്ടങ്ങളും നിയമങ്ങളും പാലിച്ച് മൂല്യനിർണ്ണയം പൂർത്തിയാക്കിയ വിപിൻ വിജയനെന്ന ദളിത് വിദ്യാർഥിയുടെ സംസ്കൃതത്തിലെ ഡോക്ടറേറ്റ് ബിരുദം ഒരുവർഷത്തിലധികമായി നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണ്. അവരാണിപ്പോൾ മഹത്വത്തെക്കുറിച്ച് പറയുന്നതെന്നും അംഗങ്ങൾ പറഞ്ഞു.


തടഞ്ഞുവച്ചതിൻ്റെ കാരണം പോലും ദരിദ്രവിദ്യാർഥിയോട് നിയമപരമായി പറയാനിവർക്കാകുന്നില്ല. കൃത്യമായ നേതൃത്വമില്ലാത്തതുമൂലം സർവകലാശാലയുടെ ഭാവിതന്നെ പ്രതിസന്ധിയിലാണ്. അക്കാദമിക ഗവേഷണ പദ്ധതികൾ കടുത്ത ബുദ്ധിമുട്ടുകളിൽ ഇഴയുന്നു. മറ്റൊരുവശത്ത് പ്രതികാര നടപടികൾപോലെ, യാതൊരു മാനദണ്ഡമില്ലാതെ ജീവനക്കാരുടെ സ്ഥലംമാറ്റം തോന്നുംപടി നടത്തുന്നു. പഠനവകുപ്പുകളാകട്ടെ അദ്ധ്യാപകക്ഷാമത്താൽ വീർപ്പുമുട്ടുകയാണ്.ഇത് പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി ഒരു ചർച്ചയ്ക്കുപോലും സമയംകണ്ടെത്താത്തവരുടെ നീതിസാരങ്ങൾ തികഞ്ഞ പ്രകടനപരതയാണ്. സർവ്വകലാശാലയിൽ തുടരെത്തുടരെ പ്രതിസന്ധി സൃഷ്ടിക്കുന്നത് ബോധപൂർവ്വമാണെന്ന് ഇവർ തെളിയിച്ചുകൊണ്ടിരിക്കുന്നു.


ഇത്തരം വരണ്ടനിലപാടുകളിൽ പ്രതിഷേധിക്കാതിരിക്കാനാകാത്തതുമൂലമാണ് കോൺവൊക്കേഷനിൽ നിന്ന് ഇടതു സിൻഡിക്കേറ്റ്,സെനറ്റ്, അക്കാദമിക്ക് കൗൺസിൽ അംഗങ്ങൾ വിട്ടുനിന്നതെന്ന് ഇടതുസിൻഡിക്കേറ്റംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home