രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ബൗളിങ് മികവ്; ഒന്നാം ദിനം ബംഗാൾ 172/6

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കേരളത്തിന്റെ ബൗളിങ് മികവിൽ ബംഗാളിന് ബാറ്റിംഗ് തകർച്ച. ആദ്യദിനം കളിയവസാനിക്കുമ്പോൾ ബംഗാൾ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. തിരുവനന്തപുരം മംഗളപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ബംഗാളിനായി അങ്കുർ പോൾ 80 പന്തിൽ എട്ട് ഫോറുകളടക്കം 66 റൺസ് നേടി. സുധീപ് കുമാർ ഘരാമി 36 റൺസും ഷഹ്ബാസ് അഹമ്മദ് പുറത്താകാതെ 35 റൺസും നേടി. അമീർ ഗനി 14 റൺസും ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 10 റൺസും എടുത്തു.
കേരളത്തിനായി ആദിത്യ സർവാതെ 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നെടുമങ്കുഴി ബേസിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും എം ഡി നിധീഷ് ഒരു വിക്കറ്റും നേടി. 108 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗാളിനെ ആറാം വിക്കറ്റിൽ സുധീപ് കുമാർ ഘരാമിയും ഷഹ്ബാസ് അഹമ്മദും ചേർന്നാണ് കരകയറ്റിയത്.
170 റൺസിൽ ഘരാമി പുറത്തായതോടെ കൂട്ടുകെട്ട് പിരിഞ്ഞു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഷഹ്ബാസ് അഹമ്മദും സുമന്ത ഗുപ്തയും ക്രീസിലുണ്ട്.









0 comments