സെൻട്രൽ ബാങ്കിൽ വൻ സൈബർ തട്ടിപ്പ്; 13.97 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി

ന്യൂഡൽഹി : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ആർബിഐയുടെ സെറ്റിൽമെന്റ് അക്കൗണ്ടിൽ നിന്ന് 13.97 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. ഇന്ത്യൻ ഫിനാൻഷ്യൽ ടെക്നോളജി ആൻഡ് അലൈഡ് സർവീസസിന്റെ (ഇഫ്താസ്) സെൻട്രൽ എസ്എഫ്എംഎസ് സെർവറിൽ കടന്നു കൂടിയ ഹാക്കർമാരാണ് ഫണ്ട് വകമാറ്റിയത്. കോർ ബാങ്കിംഗ് സിസ്റ്റത്തിന്റെ സ്ട്രക്ചേർഡ് ഫിനാൻഷ്യൽ മെസേജിംഗ് സിസ്റ്റം (എസ്എഫ്എംഎസ്) സെർവർ വഴി പ്രവേശിച്ചാണ് വൻ സൈബർ തട്ടിപ്പ് നടത്തിയത്. ഒക്ടോബർ മാസത്തിൽ 187 അനധികൃത കൈമാറ്റങ്ങളിലൂടെയാണ് പണം കവർന്നത്. ആർബിഐയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് ഇഫ്താസ്.
ആർബിഐയുടെ ആർടിജിഎസ്, എൻഇഎഫ്‌ടി സംവിധാനങ്ങൾ വഴി ബാങ്കുകൾ കൈമാറുന്ന പേയ്‌മെന്റ് സന്ദേശങ്ങൾ വഹിക്കുന്ന സംവിധാനമാണ് എസ്‌എഫ്‌എംഎസ്. പണം 36 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പോയതെന്ന് ബാങ്ക് പറയുന്നു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ടുകൾ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതല്ലെന്ന് പരാതിയിൽ പറയുന്നു. ഏതെങ്കിലും ശാഖയിലോ, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗിലോ, മറ്റേതെങ്കിലും ചാനൽ വഴിയോ നടന്ന ഇടപാടുകളിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും ബാങ്ക് വിശദമാക്കി.
പണം നഷ്ടമായത് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആർബിഐ, ഇഫ്താസ്, ദക്ഷ് പോർട്ടൽ, നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ (എൻസിഐപിസി), ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) എന്നിവരെ അറിയിക്കുകയായിരുന്നു. ബാങ്കിന്റെ പരാതിയിൽ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതേത്തുടർന്ന് ഒക്ടോബർ 24 ന് ആർടിജിഎസ് പേയ്‌മെന്റ് സേവനങ്ങൾ താൽക്കാലികമായി ലഭ്യമാകില്ലെന്ന് ബാങ്ക് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ, ആർടിജിഎസ് ഇടപാടുകൾ പുനരാരംഭിച്ചതായും, ആർടിജിഎസ് സെർവറിൽ സംഭവിച്ച സാങ്കേതിക പ്രശ്‌നം അക്കൗണ്ടുകളെ ബാധിച്ചിട്ടില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.








0 comments