അമിതവേഗവും അഹങ്കാരവും, നിയമലംഘനത്തിന് സർക്കാർ തുണയും; റോഡുകൾ കുരുതിക്കളം

തിരുവനന്തപുരം: കേരളത്തിൽ വാഹനാപകടങ്ങളും അശ്രദ്ധമായ ഡ്രൈവിങ്ങ് ദുരന്തങ്ങളും കഴിഞ്ഞ അഞ്ചു മാസത്തിനിടെ കുത്തനെ വർദ്ധിച്ചതായി കണക്കുകൾ. നെടുന്പാശ്ശേരി, ചേരനെല്ലൂർ വാഹനക്കുരുതികളും കോട്ടയത്തെ രണ്ട് യുവതികളുടെ അപകടമരണവുമെല്ലാം മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളായി. തികഞ്ഞ അശ്രദ്ധയും അഹങ്കാരവുമാണ് ഇൗ അപകടങ്ങൾക്കെല്ലാം ഇടയാക്കിയത്. കേരളത്തിലെ റോഡുകൾ അക്ഷരാർത്ഥത്തിൽ കുരുതിക്കളമായിരിക്കുന്നു. നെടുന്പാശ്ശേരി, ചേരനെല്ലൂർ കേസുകളിൽ പ്രതികളെ രക്ഷിക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നത് വർത്തമാനകാല കേരളത്തിന്റെ ഭീതിജനകമായ ചിത്രമാണ് നൽകുന്നത്. സാധാരണക്കാരന്റെ ജീവന് ഒരു വിലയും ഇല്ലാതായിരിക്കുന്നുവെന്ന് വലിയരീതിയിൽ ആക്ഷേപം ഉയരുന്നു.
അമിതവേഗവും വണ്ടിയോടിക്കുന്നതിനൊപ്പമുള്ള വീഡിയോ ചിത്രീകരണവുമാണ് നെടുന്പാശ്ശേരിയിലും ചേരനെല്ലൂരും അപകടത്തിന് കാരണമായത്. നെടുന്പാശ്ശേരിയിൽ 150 കിലോമീറ്റർ സ്‌പീഡിൽ വണ്ടിയോടിച്ച 19 കാരൻ മൂന്ന് യുവജീവിതങ്ങളാണ് ഇല്ലാതാക്കിയത്. ഇൗ സംഭവത്തിൽ മദ്യലഹരിയിലാണ് സുഹൈൽ എന്ന പ്രതി വണ്ടിയോടിച്ചത്. ചേരനെല്ലൂരിൽ 120 കിലോ മീറ്റർ കടന്ന ഡ്രൈവിങ് മൊബൈലിൽ സ്വയംപകർത്തിക്കൊണ്ടിരുന്ന 17കാരൻ ഒരു കുടുംബനാഥന്റെ ജീവനാണെടുത്തത്.
എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങളും ഗതാഗത ലംഘനവും കൂടിയത്. കാരണങ്ങൾ പലതാണ്. അതിൽ പ്രധാനം വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സമീപനമാണ്. മോഡിഫിക്കേഷനടക്കമുള്ള കാര്യങ്ങളിൽ നിയമം ലംഘിക്കാനുള്ള അനുമതി മുഖ്യമന്ത്രി തന്നെ അനുവദിച്ചു നൽകി. വാഹനങ്ങളുമായി എന്തു കാണിച്ചാലും സർക്കാർ ഒപ്പമുണ്ടാകുമെന്ന തോന്നലാണ് ഇതിലൂടെ യുവാക്കളിൽ ഉണ്ടായത്. അതുകൊണ്ട് തന്നെ അമിതവേഗവും ഗതാഗതലംഘനവുമെല്ലാം അവർക്ക് ഹരമായി.
ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളെല്ലാം കുത്തഴിഞ്ഞ നിലയിലാണ്. നിയമലംഘനം പിടികൂടാൻ സ്ഥാപിച്ച ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ്. കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാനുള്ള തുക നിശ്‌ചിത കന്പനികൾക്ക് നൽകാത്തതിനാലാണ് ക്യാമറകൾ പണിമുടക്കിയത്. അതോടെ ഗതാഗതലംഘനം നടത്താൻ ആർക്കും ഭയമില്ലാതായി. സർക്കാരിന് ഒരു താൽപ്പര്യവുമില്ലാത്തതിനാൽ ക്യാമറകൾ അടുത്തൊന്നും കണ്ണുതുറക്കാനും പോകുന്നില്ല. പലതും ഒളിപ്പിക്കാനാണ് റോഡിലെ ഇൗ കണ്ണുകൾ കെട്ടിയതെന്ന് ആരോപണമുണ്ട്.
ട്രാഫിക് പൊലീസുകാരെ മറ്റു ജോലികൾക്ക് നിയോഗിക്കുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. വിഐപി ഡ്യൂട്ടിയും മറ്റും കഴിഞ്ഞ് ഗതാഗത നിയന്ത്രണത്തിന് അവർക്ക് സമയമില്ല. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റിൽ വേണ്ടതിന്റെ പകുതി പോലും ഉദ്യോഗസ്ഥരില്ല. കൂടുതൽ പേരെ നിയമിക്കാൻ ആവശ്യപ്പെട്ട് ഗതാഗത കമ്മീഷണർ സർക്കാരിന് മാസങ്ങൾക്കു മുന്പ് കത്തു നൽകിയതാണ്. അതിൽ ഒരു നടപടിയും എടുക്കുന്നില്ല. സംസ്ഥാനത്ത് എംവിഡിയുടെ 4 ക്യാമറ മാത്രമാണ് ആകെ പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം കാലാവധി കഴിഞ്ഞതിനാൽ കണ്ണടച്ചു.
അനധികൃത പാർക്കിങ്ങിനെതിരെ ഒരു നടപടിയും എടുക്കാത്ത നിലയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റും പരിസരവും അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. ഫുട്‌പാത്തുകളിലും മറ്റും നിർബാധം വാഹനങ്ങൾ കയറ്റിയിടുകയാണ്. കേരളം മുഴുവൻ ഇതുതന്നെയാണ് അവസ്ഥ. പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതും വർദ്ധിച്ചു. റോഡ് കയ്യേറിയുള്ള കച്ചവടങ്ങൾക്കു നേരെ കണ്ണടയ്‌ക്കുന്നതും അപകടങ്ങൾക്ക് വഴിവെക്കുന്നു.
അപകടം വരുത്തിയാലും പൊലീസിന്റെ അനുഭാവപൂർണമായ സമീപനം ട്രാഫിക് നിയമലംഘകർക്ക് വളമാവുകയാണ്. നെടുന്പാശ്ശേരി, ചേരനെല്ലൂർ അപകടങ്ങളിൽ പൊലീസിന്റെ പക്ഷപാതം വ്യക്തമായതാണ്. കേസിന്റെ പുറകെ നടന്ന് നീതി വാങ്ങിക്കൊടുക്കാനൊന്നും നിയമപാലകർക്ക് താൽപ്പര്യമില്ല. ഒതുക്കിക്കൊടുക്കലാണ് എളുപ്പം.








0 comments