Deshabhimani

സ്വപ്നങ്ങളുടെ നിറം കെടുത്തുന്ന യുദ്ധഭീതി; ആശങ്കയൊഴിയാതെ സൗദിയിലെ പ്രവാസികൾ

Pravasi
വെബ് ഡെസ്ക്

Published on Oct 26, 2026, 05:11 PM | 2 min read

സൗദി അറേബ്യയിൽ തുടരുന്ന ഹൂതി ആക്രമണങ്ങളിൽ ആശങ്കയിലാണ് പ്രവാസി ജനത. അവരുടെ പ്രതീക്ഷകളാണ് യുദ്ധഭീതിയിൽ മങ്ങുന്നത്. സൗദിയിലെ ഓരോ മിസൈൽ ആക്രമണങ്ങളും കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസി വീടുകളിലെ സമാധാനമാണ് ഇല്ലാതാക്കുന്നത്.


മകളുടെ വിവാഹത്തിനായി ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആറ് മാസത്തെ അവധിക്ക് നാട്ടിലെത്തിയതാണ് മലപ്പുറം തിരൂർ സ്വദേശിയായ അബ്ദുറഹ്മാൻ. മകളുടെ വിവാഹം ഭംഗിയായി നടത്തിയെങ്കിലും മടങ്ങാനിരിക്കെയാണ് വിമാന സർവീസുകളിലെ തടസവും യാത്രാവിലക്കും തിരിച്ചടിയായത്. വിസയുടെ കാലാവധി അവസാനിക്കാറായതോടെ, ജോലി എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അദ്ദേഹം. അബ്ദുറഹ്മാനെ പോലെ നിരവധി പ്രവാസികളാണ് തിരികെപ്പോകാൻ കഴിയാതെ നാട്ടിൽ കഴിയുന്നത്.


മറുവശത്ത്, മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവധി അനുവദിച്ച് കിട്ടിയിട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ മുറിയിൽ കഴിയുകയാണ് കോഴിക്കോട് സ്വദേശിയായ രഞ്ജിത്ത്. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് വീണ്ടും ആക്രമണം നടന്നതിനാൽ എയർപോർട്ട് അടച്ചതും, വിമാനം ക്യാൻസലായതും. തൊഴിലിടങ്ങളിൽ ഇടയ്ക്കിടെ മുഴങ്ങുന്ന അപായ സൈറണുകൾ, മൊബൈൽ ഫോണിൽ വരുന്ന ആക്രമണ മെസേജുകളെല്ലാം ആശങ്ക തീർക്കുന്നതായി രഞ്ജിത്ത് പറയുന്നു.


യുദ്ധഭീതിയെത്തുടർന്ന് പല മേഖലകളിലെയും ചെറുകിട കമ്പനികൾ സുരക്ഷാ കാരണങ്ങളാൽ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയാണ്. ഇതേത്തുടർന്ന് ജോലി നഷ്ടപ്പെട്ടവരുമുണ്ട് സൗദിയിൽ. പലരും തിരിച്ച് നാട്ടിലേക്ക് വരാൻ വിമാന സർവീസ് ഇല്ലത്തതിനാൽ ലേബർ ക്യാമ്പിൽ കഴിയുകയാണ്. പ്രവാസികളുടെ ഈ പ്രതിസന്ധി അവരിൽ മാത്രം ഒതുങ്ങുന്നില്ല. അത് നാട്ടിലെ പല കുടുംബങ്ങളെയും ബാധിക്കുന്നുണ്ട്.


നാട്ടിലേക്കയക്കുന്ന ശമ്പളം മിച്ചവെച്ച് നാട്ടിൽ ചെറിയ സംരംഭങ്ങൾ തുടങ്ങിയവരുണ്ട്. ഇങ്ങനെ തുടങ്ങിയ പല സംരംഭങ്ങളും ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ബാങ്ക് വായ്പയെടുത്ത് ഒരു ചെറിയ പോൾട്രി ഫാം തുടങ്ങിയ അമലിന് പറയാനുണ്ട് അത്തരത്തിലൊരു കഥ. ഇഎംഐ വഴി അടച്ചുതീർക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തി രണ്ടാഴ്ച മുൻപ് തിരിച്ചു പോകേണ്ടതായിരുന്നെങ്കിലും, വിമാന സർവീസുകൾ കുറഞ്ഞതോടെ പ്രതിസന്ധിയിലായ അമലിന് ഈ മാസം ശമ്പളമില്ല. തിരുവനന്തപുരത്ത് പ്രവാസി സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച് മികച്ച രീതിയിൽ മുന്നോട്ട് പോയിരുന്ന ഒരു റെസ്റ്റൊറന്റ് നിലവിലെ പ്രതിസന്ധി കാരണം വിൽക്കേണ്ടി വന്ന അവസ്ഥയുമുണ്ട്.


പ്രവാസി സമൂഹം എല്ലാക്കാലും നമ്മുടെ നാടിനെ സാമ്പത്തികമായി താങ്ങി നിർത്തുന്നവരാണ്. ഇന്നുകാണുന്ന വളർച്ചയ്ക്കൊപ്പം നിൽക്കുന്ന പ്രവാസ സമൂഹത്തെ ചേർത്തു പിടിക്കേണ്ടത് സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. കേവലം പ്രസ്താവനകളിൽ ഒതുങ്ങാതെ അടിയന്തരമായി ഇടപെട്ട് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുകയും, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. തൊഴിൽ നഷ്ടപ്പെട്ട് വെറുംകൈയോടെ മടങ്ങിവരുന്നവർക്കായി പുനരധിവാസ പാക്കേജുകൾ ഉറപ്പാക്കേണ്ടതുണ്ട്. ​പ്രതിസന്ധി തീരും വരെ ​ഗൾഫ് മേഖലയിലുള്ള പ്രവാസികളുടെ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്താൻ കേന്ദ്ര സാമ്പത്തിക മന്ത്രാലയം ഇടപെടേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home