Deshabhimani

പിടിച്ചു നിർത്താൻ നെട്ടോട്ടമോടി ആർബിഐ; ഡോളറിനെതിരെ വീണ്ടും ഇടിഞ്ഞ് രൂപ

RupeeVSDollar
വെബ് ഡെസ്ക്

Published on Oct 26, 2026, 05:31 PM | 1 min read

മുംബൈ : യുഎസ് ഡോളറിനെതിരെ തുടർച്ചയായ മൂന്നാം ദിവസവും രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് യുഎസ് ഡോളറിനെതിരെ 29 പൈസ കുറഞ്ഞ് 95.22 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിൽ വില വർധിച്ചതും, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് രൂപ നിരന്തരം കൂപ്പുകുത്താൻ കാരണം.


ഡോളറിന്റെ മൂല്യം ശക്തമായതും യുഎസ് ട്രഷറി വരുമാനത്തിൽ നേരിയ നേട്ടവും ഇന്ത്യൻ രൂപ ഇടിയുവാൻ കാരണമായി. അതേസമയം ആഭ്യന്തര ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം 94.92 എന്ന നിലയിലാണ് ആരംഭിച്ചത്. തുടർന്ന് 95.26 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒടുവിൽ, മുൻ ദിവസത്തെ ക്ലോസിം​ഗിനേക്കാൾ 29 പൈസ കുറഞ്ഞ് 95.22 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.


യുഎസ് ഡോളറിനെതിരെ വെള്ളിയാഴ്ച രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 94.93 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലായി ഡോളറിനെതിരെ രൂപയുടെ മൂല്യം 84 പൈസ കുറഞ്ഞിരുന്നു. ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.01 ശതമാനം ഉയർന്ന് 101.82 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.


ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 482.92 പോയിന്റ് ഉയർന്ന് 73,606.75 എന്ന നിലയിലും നിഫ്റ്റി 153.20 പോയിന്റ് ഉയർന്ന് 22,753.20 എന്ന ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ നിക്ഷേപകർ (എഫ്ഐഐ) വെള്ളിയാഴ്ച 887.65 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്.


അതേസമയം, വെള്ളിയാഴ്ച പുറത്തുവിട്ട ആർ‌ബി‌ഐ ഡാറ്റ പ്രകാരം ഒക്ടോബർ 16ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 5.011 ബില്യൺ ഡോളർ കുറഞ്ഞ് 721.016 ബില്യൺ ഡോളറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home