കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം; സഹോദരങ്ങൾ അറസ്റ്റിൽ

നിർമാണം പുരോഗമിക്കുന്ന വീടുകളിൽനിന്ന് ഇലക്ട്രിക് സാധനങ്ങളും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
കൊല്ലം: നിർമാണം പുരോഗമിക്കുന്ന വീടുകളിൽനിന്ന് ഇലക്ട്രിക് സാധനങ്ങളും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ആലുംമൂട് എല്ലുകുഴി വയലിൽ അനീഷർ ഷാ (28), അക്ബർ ഷാ (30) എന്നിവരെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈ മാസം പത്തിന് കരിക്കോട് മേക്കോണിൽ ഹാരിഷ് കമാലുദ്ദീന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽനിന്നാണ് അവസാനമായി മോഷണം നടന്നത്. ഏകദേശം 5.5 ലക്ഷം രൂപ വിലവരുന്ന വയറിങ് സാമഗ്രികളാണ് പ്രതികൾ കവർന്നത്. വയറുകളും സ്വിച്ചുകളും പൈപ്പുകളിൽ സ്ഥാപിച്ചിരുന്ന കേബിളുകളും കൂടാതെ കട്ടറും രണ്ട് ഡ്രില്ലറുകളും മോഷ്ടിച്ചതായാണ് പരാതി.
കുണ്ടറയിലും സമീപപ്രദേശങ്ങളിലും നിർമാണത്തിലിരിക്കുന്ന വീടുകളിൽനിന്ന് ഇലക്ട്രിക് സാമഗ്രികൾ മോഷണം പോകുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രദേശത്തെ മറ്റ് സമാന മോഷണക്കേസുകളിലും ഇവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.









0 comments