ചേരാനല്ലൂർ വാഹനക്കുരുതി; 'പൊലീസും നിയമവും പ്രതിക്കൊപ്പം'; പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് ജയബാലകൃഷ്ണന്‍റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ അലക്ഷ്യമായി പാഞ്ഞ ബെൻസ് കാറിടിച്ച്, തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ജഡ്ജിയുടെ മകനെ സംരക്ഷിക്കാൻ പൊലീസ് നടത്തുന്ന ഒത്തുകളിക്കതിരെ കുടുംബത്തിന്റെ പ്രതിഷേധം. പണത്തിന്റെയും ഉന്നത സ്വാധീനത്തിന്റെയും ബലത്തിൽ പ്രതിയെ രക്ഷിച്ചെടുക്കാനാണ് പൊലീസും സർക്കാരും ശ്രമിക്കുന്നതെന്ന് ജയബാലകൃഷ്ണന്റെ മക്കളും കുടുംബാംഗങ്ങളും മാധ്യമങ്ങളോട് പ്രതികരിച്ചു. നീതി ലഭിക്കുന്നതുവരെ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് മാറില്ലെന്ന പറഞ്ഞ മക്കളും ബന്ധുക്കളും, സ്റ്റേഷന്റെ പടികളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കേസിൽ കൃത്യമായ നടപടി എടുക്കുന്നതുവരെ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി തുടരുമെന്നും അവർ പറഞ്ഞു.
അപകടത്തിനുശേഷം സ്റ്റേഷനിലെത്തിയ ബന്ധുക്കൾ പ്രതിയുടെ ചിത്രം ഫോണിൽ പകർത്തിയപ്പോൾ പൊലീസ് അത് ബലമായി വാങ്ങി ഡിലീറ്റ് ചെയ്യിപ്പിച്ചതായി മക്കൾ വ്യക്തമാക്കി. ജഡ്ജിയുടെ ഒപ്പം വന്നയാളുടെ നിർദേശപ്രകാരമാണ് പൊലീസ് ഫോൺ വാങ്ങി ചിത്രങ്ങൾ നീക്കം ചെയ്തത്. ഞങ്ങളുടെ അച്ഛനെ മനപ്പൂർവം ഇടിച്ചു കൊന്നവന്റെ ഫോട്ടോ എടുത്തതിനാണ് പൊലീസ് ഞങ്ങളുടെ ഫോൺ വാങ്ങി ഡിലീറ്റ് ചെയ്യിപ്പിച്ചത്. കാക്കിയോടുള്ള വിശ്വാസവും ബഹുമാനവും പൂർണമായും നഷ്ടപ്പെട്ടു- മക്കൾ പറഞ്ഞു.
പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നോ ലൈസൻസ് പോലുമില്ലെന്നോ ഉള്ള ഗൗരവമുള്ള യാതൊരു കാര്യവും പരിഗണിക്കാതെയാണ് പൊലീസ് കേസ് നിസ്സാരവത്കരിച്ച് ഒതുക്കിതീർക്കാൻ ശ്രമിച്ചത്. പ്രതിക്ക് നിസ്സാരമായി ജാമ്യം ലഭിച്ചതും ഈ ഒത്തുകളിയുടെ ഭാഗമാണെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസിനോടും ജുഡീഷ്യറിയോടുമുള്ള എല്ലാ വിശ്വാസവും ബഹുമാനവും നഷ്ടമായെന്നും മക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
പണമുള്ളവനും ഉന്നത സ്വാധീനമുള്ളവർക്കും എന്ത് നിയമലംഘനവും നടത്താമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് മക്കൾ കുറ്റപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ജഡ്ജിയായ പ്രതിയുടെ പിതാവ് സ്റ്റേഷനിൽ വെച്ച് "നിങ്ങളെന്നെ ചോദ്യം ചെയ്യേണ്ട" എന്ന് ഭീഷണിപ്പെടുത്തിയതും ഭരണകൂട സംവിധാനങ്ങളുടെ ഒത്താശയോടെയാണെന്ന് ഇവർ ആവർത്തിക്കുന്നു. സാധാരണക്കാർക്ക് ഒരു നിയമവും ഉന്നതർക്ക് മറ്റൊരു നിയമവുമാണ് കേരളത്തിൽ. പ്രതിയുടെ പിതാവിനെതിരെയും ജാമ്യം അനുവദിച്ചതിനെതിരെയും കർശന നടപടി സ്വീകരിക്കുന്നതുവരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.








0 comments