'ജോലി ചെയ്തവർ മറുപടി പറയണം'; ഗവർണറുടെ പരിപാടിക്ക് ആളെ കൂട്ടാൻ വിചിത്ര ഉത്തരവ്

തിരുവനന്തപുരം: പുതിയ ഗവർണർ ഓം പ്രകാശ് മാഥൂരിനെ തൃപ്തിപ്പെടുത്താൻ കേരള സർവകലാശാലയുടെ വിചിത്ര ഉത്തരവ്. തിങ്കളാഴ്‌ചത്തെ ഗവർണറുടെ പരിപാടിയിൽ ജീവനക്കാരെല്ലാം നിർബന്ധമായും പങ്കെടുക്കണമെന്നും ഇൗ സമയം ജോലി ചെയ്തവർ വിശദീകരണം നൽകണമെന്നും സർവകലാശാല രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചു.
തിങ്കളാഴ്ച രാവിലെ കേരള സർവകലാശാലയുടെ 32-ാമത് ഓണററി ബിരുദദാനച്ചടങ്ങിൽ ഗവർണർ പങ്കെടുക്കുമ്പോൾ ജോലി ചെയ്യുന്ന സീറ്റിൽ ജീവനക്കാർ ആരും ഉണ്ടാവരുതെന്നായിരുന്നു നിർദേശം. പാളയം സെനറ്റ് ഹാളിലെ പരിപാടിയുടെ സീറ്റ് നിറയ്ക്കാനായിരുന്നു ഈ തത്രപ്പാട്. ഒക്ടോബർ 23നാണ് രജിസ്ട്രാർ വിവാദ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. രാവിലെ 10.10ന് തന്നെ ജീവനക്കാരുടെ അറ്റൻഡസ് രജിസ്റ്റർ ഹാജരാക്കണമെന്നും ജീവനക്കാരുടെ അവകാശമായ ലേറ്റ് പെർമിഷൻ പോലും കൊടുക്കേണ്ടതില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. അവധിയെടുത്തവർ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും പറയുന്നു. പരിപാടിയിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ വൈകുന്നേരം മൂന്നിനുള്ളിൽ രജിസ്ട്രാറെ ബോധിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
ജീവനക്കാർക്ക് പുറമെ വേദി നിറയ്ക്കാൻ 550 എൻഎസ്എസ് വളണ്ടിർമാരെയും വിദ്യാർഥികളെയും വേദിയിലെത്തിച്ചിരുന്നു. ഇഷ്ടക്കാരെ പ്രധാന അക്കാദമിക സമിതികളിൽ തിരുകിക്കയറ്റി, സിൻഡിക്കറ്റിനെ നോക്കുകുത്തിയാക്കി യുഡിഎഫ്–ബിജെപി കൂട്ടുകെട്ട് സർവകലാശാല ഭരണം നിയന്ത്രിക്കുമ്പോയാണ് പുതിയ ഗവർണറെ പ്രീതിപ്പെടുത്താനായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ചടങ്ങിൽ നിന്നും ജീവനക്കാർ, ഇടതുപക്ഷ സിൻഡിക്കറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ വിട്ടുനിന്നു.
നടൻ മധു, കവി ശ്രീകുമാരൻ തമ്പി, ഐഎസ്‌ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്‌ണൻ, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്‌റ്റൻ പി ആർ ശ്രീജേഷ് എന്നിവർക്കാണ് കേരള സർവകലാശാല ഓണററി ബിരുദം സമ്മാനിച്ചത്.








0 comments