എഐ മേഖലയിലെ 200 ലധികം ചെറുകിട കമ്പനികൾ തകർന്നേക്കാം; മുന്നറിയിപ്പുമായി ഇലോൺ മസ്‌ക്

ടെക്സാസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ വളർച്ചയ്ക്കിടെ ചെറുകിട ക്ലൗഡ് കമ്പനികൾ കൂട്ടത്തോടെ തകർച്ച നേരിടാൻ സാധ്യതയുണ്ടെന്ന് ഇലോൺ മസ്‌ക്. എഐ ചിപ്പുകൾ വാങ്ങുന്നതിനും ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനുമായി വൻതുക ചെലവഴിക്കുന്ന 200ലധികം നിയോക്ലൗഡ് കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം പങ്കുവെച്ചത്.
മറ്റ് കമ്പനികൾക്ക് എഐ ചിപ്പുകളും കമ്പ്യൂട്ടിങ് ശേഷിയും വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളാണ് നിയോക്ലൗഡ് കമ്പനികൾ. ഇത്തരം കമ്പനികൾക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ വിമുഖത കാണിക്കുന്നതായും എഐ ഡാറ്റാ സെന്ററുകളെ മാത്രം ആശ്രയിക്കുന്ന ബിസിനസ് മാതൃകകൾ വലിയ വെല്ലുവിളി നേരിടുന്നതായും മസ്‌ക് ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ശക്തമായ ഏതാനും കമ്പനികൾ മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കൂവെന്നും അദ്ദേഹം വിലയിരുത്തി.
അതേസമയം, എഐ ചിപ്പുകൾ വാങ്ങുന്നതിനായി തന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ്‌എക്‌സ് 40 ബില്യൺ ഡോളറിന്റെ വായ്പാ ഇടപാട് പൂർത്തിയാക്കിയതായി മസ്‌ക് വെളിപ്പെടുത്തി. റോക്കറ്റ് വിക്ഷേപണ സേവനങ്ങളിൽനിന്നും സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളിൽനിന്നും കമ്പനിക്ക് ലഭിക്കുന്ന സ്ഥിരമായ വരുമാനമാണ് വലിയ വായ്പ ലഭിക്കാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി ലഭ്യതയിലെ തടസ്സങ്ങൾ, ഡാറ്റാ സെന്റർ നിർമാണത്തിലെ കാലതാമസം, പ്രാദേശിക എതിർപ്പുകൾ, ഉയർന്ന നിക്ഷേപച്ചെലവ് എന്നിവയാണ് മേഖലയിലെ പ്രധാന വെല്ലുവിളികൾ. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ സമയത്ത് പൂർത്തിയാക്കാനാകാത്ത പക്ഷം വിലകൂടിയ എഐ ചിപ്പുകൾ ഉപയോഗിക്കപ്പെടാതെ കിടക്കാനും സാധ്യതയുണ്ട്.
വൻ മൂലധനവും സ്ഥിരമായ വരുമാനവുമുള്ള കമ്പനികൾക്ക് വരും വർഷങ്ങളിൽ നേട്ടമുണ്ടാകുമ്പോൾ സാമ്പത്തിക അടിത്തറ ദുർബലമായ ചെറുകിട സ്ഥാപനങ്ങൾ എഐ മത്സരത്തിൽനിന്ന് പുറത്താകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.








0 comments