ഇറാനെ സഹായിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കയുടെ തീരുവ ഭീഷണി; തിരിച്ചടി നൽകുമെന്ന് ചൈന

ഡൊണാൾഡ് ട്രംപ് (ഇടത്), ഷീ ജിങ്‌പിങ് (വലത്)
ബെയ്ജിങ്: ഇറാന്റെ പേരിൽ ചൈനയ്‌ക്കെതിരെ വ്യാപാര യുദ്ധത്തിന് കോപ്പുകൂട്ടുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇറാന് സൈനിക സഹായം നൽകുന്നുണ്ടെന്ന വ്യാജാരോപണം ഉന്നയിച്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ അമിത തീരുവ ചുമത്താനുള്ള നീക്കത്തിനെതിരെയാണ് ചൈന രംഗത്തെത്തിയത്.
അമേരിക്ക തീരുവ ഉയർത്താനാണ് തീരുമാനിക്കുന്നതെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ചൈന ഇറാന് സൈനിക സഹായങ്ങൾ നൽകുന്നുവെന്ന പ്രചാരണം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലോകമെമ്പാടും ചൈനയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിനെ മറയാക്കിയാണ് അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾക്ക് മുതിരുന്നതെന്നും ചൈന ചൂണ്ടിക്കാട്ടി. ചൈനയുടെ സൈനിക ഇടപാടുകളെല്ലാം കർശനമായ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും അതിൽ ആർക്കും ആശങ്ക വേണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ച് ഹോർമുസ് കടലിടുക്കിലൂടെ ചൈനീസ് ചരക്കുക്കപ്പൽ സുരക്ഷിതമായി കടന്നുപോയത് ട്രംപിന് കനത്ത തിരിച്ചടിയായിരുന്നു. ആരെയും പേടിയില്ലെന്നും ഒരു രാജ്യത്തിന്റെയും കപ്പൽ കടത്തിവിടില്ലെന്നും ആവർത്തിച്ച ട്രംപിന്റെ പ്രസ്താവനകൾ ഇതോടെ പരിഹാസ്യമായി.
ഉപരോധ രേഖ മറികടക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്ന ഭീഷണി ചൈനീസ് കപ്പലിന് മുന്നിൽ ഫലിച്ചില്ലെന്നത് അമേരിക്കയുടെ നാവിക മേധാവിത്വത്തിന് ഏറ്റ മങ്ങൽ ആണ്. ഇറാനെതിരെയുള്ള ഉപരോധത്തിന്റെ പേരിൽ ചൈനയുടെ വ്യാപാര താല്പര്യങ്ങളെ തകർക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ബെയ്ജിങ്ങിന്റെ നിലപാട്. പശ്ചിമേഷ്യയിലെ സംഘർഷത്തെ സാമ്പത്തിക നേട്ടത്തിനായി അമേരിക്ക ഉപയോഗിക്കുകയാണെന്നും ചൈന കുറ്റപ്പെടുത്തി.










0 comments