ad
Deshabhimani

print edition വീണ്ടും പ്രളയസാധ്യതയെന്ന്‌ ചൈന

Flood
വെബ് ഡെസ്ക്

Published on Aug 28, 2026, 12:38 AM | 1 min read

ബീജിങ്‌: നേപ്പാളിൽ വീണ്ടും മിന്നൽപ്രളയ സാധ്യതയുണ്ടെന്ന്‌ -ചൈന. നേപ്പാൾ–ചൈന അതിർത്തിക്ക് സമീപം ഹിമാനിയുടെ അവശിഷ്‌ടങ്ങൾ ചേർന്ന്‌ പുതിയൊരു തടാകം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത്‌ പൊട്ടിത്തെറിക്കാനിടയുണ്ടെന്നുമാണ്‌ മുന്നറിയിപ്പ്‌. റസുവ ജില്ലയിലെ ഭോട്ടെ കോസി നദിയുടെ താഴത്തെ പ്രദേശങ്ങളിൽ വീണ്ടും പ്രളയഭീതി ശക്തമായി.


വ്യാഴാഴ്ച രാവിലെയോടെ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം ഈ തടാകത്തിൽ ഉള്ളതായി ചൈന അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഒഴുകിയെത്താൻ സാധ്യതയുണ്ട്‌. ടിബറ്റിൽനിന്ന് നേപ്പാളിലേക്ക് ഒഴുകിയെത്തുന്ന ഛോചെൻ ഖോല, പുരേപു സംപോ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് ഹിമാനി തടാകം രൂപപ്പെട്ടിരിക്കുന്നത്.


ബിഹാറിലും യുപിയിലും ജാഗ്രത


ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന്‌ അതിർത്തി സംസ്ഥാനങ്ങളായ യുപിയിലും ബിഹാറിലും അതീവജാഗ്രത. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്‌) 11 സംഘത്തെ യുപിയിലും ഒമ്പത്‌ സംഘത്തെ ബിഹാറിലും വിന്യസിച്ചു. യുപിയിലും ബിഹാറിലും ഇതുവരെ പ്രത്യഘാതം അനുഭവപ്പെട്ടിട്ടില്ലെന്നും നദികളിലെ ജലനിരപ്പ്‌ നിരീക്ഷിച്ചുവരികയാണെന്നും എൻഡിആർഎഫ്‌ ഐജി നരേന്ദ്ര സിങ്‌ ബുന്ദേല പറഞ്ഞു.


ടിബറ്റിൽനിന്നും നേപ്പാളിലേക്ക്‌ ഒഴുകുന്ന ഭോട്ടെ കോസി നദിയിലൂടെയാണ്‌ പ്രളയജലം കുത്തിയൊലിച്ചെത്തിയത്‌. ഭോട്ടെ കോസി നദി ത്രിശൂലി നദിയുമായും പിന്നീട്‌ കാലി ഗന്ധകി നദിയുമായുംചേർന്ന്‌ നാരായണി നദിയാകും. നാരായണി നദി ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലൂടെയാണ്‌ ഇന്ത്യയിലേക്ക്‌ പ്രവേശിക്കുന്നത്‌. ബിഹാറിലെത്തുമ്പോൾ നാരായണി നദി പേരുമാറി ഗന്ധക്ക്‌ നദിയാകും. ഗന്ധക്‌ നദി യുപിയിലെ ഗോരഖ്‌പ്പുർ, ദിയോരിയ ജില്ലകളിലൂടെയും കടന്നുപോകുന്നുണ്ട്‌. ബിഹാറിൽ ഗന്ധക്‌ നദിയിലെ ആദ്യ തടയണ പടിഞ്ഞാറൻ ചമ്പാരനിലെ വൽമീകി നഗറിലാണ്‌. ഇ‍ൗ തടയണയിലേക്കുള്ള നീരൊഴുക്കാണ്‌ നിരീക്ഷിക്കുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home