ഉത്തരകൊറിയയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ചൈന; പുനരാരംഭിച്ചത് 6 വർഷത്തിനുശേഷം

ബീജിങ്: 6 വർഷത്തിനുശേഷം ഉത്തരകൊറിയയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ചൈന. തിങ്കളാഴ്ച ബീജിങിൽ നിന്ന് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ എയർ ചൈന പുനരാരംഭിച്ചു. തലസ്ഥാനങ്ങൾക്കിടയിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിമാന സർവീസുകൾ ആരംഭിച്ചത്.
ഉത്തരകൊറിയയിലെ ചൈനീസ് അംബാസഡർ വാങ് യാജുനും മറ്റ് നയതന്ത്രജ്ഞരും ചേർന്ന് എയർ ചൈന വിമാനത്തെ സ്വാഗതം ചെയ്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. ചൈനയിൽ നിന്ന് ഉത്തരകൊറിയയിലേക്കുള്ള പാസഞ്ചർ ട്രെയിൻ സർവീസ് ഈ മാസം 12 നാണ് പുനരാരംഭിച്ചത്.
2020 ൽ കോവിഡ് മഹാമാരിക്കു പിന്നാലെ ചൈനയിൽ നിന്ന് ഉത്തരകൊറിയയിലേക്കുള്ള വിമാനങ്ങളും പാസഞ്ചർ ട്രെയിനുകളും നിർത്തിവച്ചിരുന്നു. ഉത്തരകൊറിയൻ വിമാനക്കമ്പനിയായ എയർ കൊറിയോ 2023ൽ തലസ്ഥാനങ്ങൾക്കിടയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു.കോവിഡ് സമയത്ത് ഉത്തരകൊറിയ എല്ലാ വിദേശ വിനോദസഞ്ചാരികൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. 2024ൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചു. നിരോധനത്തിന് മുമ്പ് ഉത്തരകൊറിയയിലേക്കുള്ള സന്ദർശകരിൽ 90 ശതമാനവും ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്.
പ്യോങ്‌യാങ്ങിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും പ്രധാന സഖ്യകക്ഷിയുമാണ് ചൈന. സൈനിക പരേഡിൽ പങ്കെടുക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ 2025 സെപ്തംബറിൽ ബീജിങ്ങിലെത്തിയിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നു ചൈനീസ് സൈനിക പരേഡിൽ ഒരു ഉത്തരകൊറിയൻ നേതാവ് പങ്കെടുത്തത്.










0 comments