സെവൂത്തയിലേക്ക് കടൽകടന്ന് എത്തിയവരിൽ നൂറുകണക്കിന് കുട്ടികളും; ആശങ്കയോടെ ലോകം

Credit AP Photo/Bernat Armangue
മെഡിറ്ററേനിയൻ കടലിലെ ഉഗ്രൻ തിരമാലകളെ അതിജീവിച്ച് 17കാരിയായ ഒരു പെൺകുട്ടി സ്പാനിഷ് അതിർത്തിയിൽ കരപറ്റിയെങ്കിലും,അവളുടെ എട്ടു വയസ്സുകാരനായ അനിയൻ കടലിൽ മുങ്ങിമരിച്ചു. ജീവൻ പണയം വെച്ചുള്ള നീന്തലിനിടെ തിരക്കിൽ പെട്ട് അമ്മയെ കാണാതായി. സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ ഭാഗത്തെ അതിർത്തി നഗരമാണ് സെവൂത്ത. മെഡിറ്ററേനിയൻ കടൽ വഴി ഈ അതിര്‍ത്തി കടക്കാൻ ശ്രമിച്ച ആയിരക്കണക്കിന് അഭയാർഥികളുടെ ദുരന്തകഥ ലോകമനസ്സാക്ഷിയെ ഉലയ്ക്കുന്നു.
"മരിച്ചവരുടെ ശരീരത്തിൽ ചവിട്ടിയാണ് ആളുകൾ ഓടിയത്.ഞങ്ങൾ ഇപ്പോൾ തെരുവിൽ ഭിക്ഷ യാചിക്കുകയാണ്,"അനാഥയായി മാറിയ പെൺകുട്ടി പറഞ്ഞു.
റോഹിംഗ്യൻ അഭയാര്‍ഥി പ്രവാഹത്തിന് ശേഷം ലോകം സമീപകാലത്ത് സാക്ഷിയാകേണ്ടി വന്ന ഏറ്റവും ദാരുണമായ മനുഷ്യപലായനമായി മൊറോക്കൻ പ്രവാഹം മാറുകയാണ്. ഓരോ ദിവസവും കൂടുതൽ ദുരന്ത ചിത്രങ്ങൾ പുറത്തു വരുന്നു. റോഹിംഗ്യൻ മനുഷ്യര്‍ ക്രൂരമായ വംശീയ വേട്ടയുടെ നരകത്തിൽ നിന്നുള്ള ഇരകളായിരുന്നു. ഇവരിൽ നിന്നും വ്യത്യസ്തമായി മൊറോക്കോയിൽ നിന്നും സ്പെയനിലേക്കുള്ള പ്രവാഹം ദാരിദ്ര്യത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നുമുള്ള മോചന പ്രതീക്ഷയാണ്. സെവൂത്ത (Ceuta) എന്ന കൊച്ചു നഗരം അവരുടെ യൂറോപ്പ് എന്ന ജീവിത സ്വപ്നങ്ങളുടെ തുറമുഖവുമാണ്.

മൊറോക്കോയിലെ ടാഞ്ചിയറിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. തങ്ങളുടെ ഇരുണ്ട വർത്തമാനകാലത്തെയും അനിശ്ചിതമായ ഭാവിയെയും ഭയന്ന് 800-ലധികം വരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ പലായനത്തിന്റെ ഭാഗമായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 860ഓളം പ്രായപൂർത്തിയാകാത്ത കുട്ടികളാണ് സെവൂത്തയിൽ എത്തിച്ചേര്‍ന്നിരിക്കുന്നത്. മൊറോക്കൻ തീരത്തെ സ്പെയിൻ അധീനതയിലുള്ള രണ്ട് തുറമുഖ പ്രദേശങ്ങളാണ് സെവൂത്തയും ഇതേ തീരത്തെ മെലില്ലയും. സെവൂത്തയിലേക്ക് പെട്ടെന്നുള്ള ഒരു മനുഷ്യ പ്രവാഹം തന്നെ സംഭവിക്കയായിരുന്നു.
ജീവനായി യാചിക്കുന്ന കുട്ടികൾ
നല്ലൊരു ജീവിതവും മെച്ചപ്പെട്ട അവസരങ്ങളും തേടിയാണ് താനും കുടുംബവും അതിർത്തി വേലി ചുറ്റിക്കടന്ന് തുറമുഖ നഗരത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ച ജനക്കൂട്ടത്തോടൊപ്പം ചേർന്നതെന്ന് പെൺകുട്ടി വ്യക്തമാക്കി. സഹോദരന്റെ മൃതദേഹം സ്പാനിഷ് പോലീസ് വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്നത് താൻ കണ്ടുനിന്നതായി അവൾ നിറകണ്ണുകളോടെ വെളിപ്പെടുത്തി. ഭക്ഷണവും വസ്ത്രവും നൽകി പ്രദേശവാസികളിൽ ചിലർ സഹായിച്ചു. ഇവിടെ അഭയം നൽകേണ്ട സർക്കാർ കേന്ദ്രങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
"മരിച്ചവരുടെ ശരീരത്തിൽ ചവിട്ടിയാണ് ആളുകൾ ഓടിയത്.ഞങ്ങൾ ഇപ്പോൾ തെരുവിൽ ഭിക്ഷ യാചിക്കുകയാണ്,"അനാഥയായി മാറിയ പെൺകുട്ടി പറഞ്ഞു.
കുടിയേറ്റ പ്രതിസന്ധി
മൊറോക്കൻ അതിർത്തിയിലെ കടൽഭിത്തി തകർത്ത് ഏകദേശം 60,000പേരാണ് സ്പെയിനിന്റെ അധീനതയിലുള്ള തീര ഭാഗത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇതിൽ 3,000നും 5,000നും ഇടയിൽ ആളുകൾ ഇപ്പോഴും തിരിച്ചയക്കപ്പെടാതെ സെവൂത്തയിൽ തുടരുന്നുണ്ട്.സ്പാനിഷ് അധികൃതരുടെ രേഖകൾ പ്രകാരം 72പേർ മരണപ്പെട്ടു. മൊറോക്കോയിൽ വേറെ 11മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇത് സ്പാനിഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
സ്പാനിഷ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത,കൂടെ മുതിർന്നവരില്ലാത്ത കുട്ടികൾക്ക് സംരക്ഷണവും പരിചരണവും നൽകേണ്ടതുണ്ട്.എന്നാൽ മുതിർന്ന അഭയാർഥികൾക്ക് അഭയം ലഭിക്കാനുള്ള അവകാശം കുറവാണ്.അത്തരം അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അവരെ ഉടൻ നാടുകടത്തും.
പട്ടിണിയും വലയ്ക്കുന്ന പ്രതിസന്ധിയും
മൊറോക്കൻ പൗരന്മാർക്ക് പുറമെ,ആഭ്യന്തരയുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ സുഡാനികൾ,ഗാസയിൽ നിന്നുള്ള ഫലസ്തീനികൾ,അഫ്ഗാനിസ്ഥാൻ പൗരന്മാർ,മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവരും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.
600പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള നഗരത്തിലെ അഭയാർഥി കേന്ദ്രം പൂർണ്ണമായും നിറഞ്ഞുകവിഞ്ഞു. നിലവിൽ സെവൂത്തയിലെ കടൽത്തീരങ്ങളിലും കുന്നിൻചെരുവുകളിലുമാണ് നൂറുകണക്കിന് വരുന്ന അഭയാർഥികൾ അന്തിയുറങ്ങുന്നത്. കഷ്ടപ്പാടുകൾക്കിടയിലും യൂറോപ്പ് എന്ന പ്രതീക്ഷയിലേക്കാണ് അവരിപ്പോഴും നോക്കിയിരിക്കുന്നത്.

സെവൂത്ത എന്ന പ്രതീക്ഷാ മുനമ്പ്
ആഫ്രിക്ക വൻകരയുടെ വടക്കേ അറ്റത്ത് മധ്യധരണ്യാഴിയോട് ചേർന്നുകിടക്കുന്ന രാജ്യമാണ് മൊറോക്കോ.ഇതിന്റെ വടക്കേഭാഗത്ത് 18ചതുരശ്ര കിലോമീറ്റർ വിസ്‌തീർണം മാത്രമുള്ള പ്രദേശമാണ് സെവൂത്ത. കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമായി ഈ പ്രദേശം സ്‌പെയ്‌നിന്റെ ഭാഗമാണ്. ജൂലൈ 30നും -31നുമായി ഏകദേശം 60,000പേർ മൊറോക്കോയിൽനിന്ന് സെവൂത്തയിലേക്ക് കുടിയേറാൻ ശ്രമിച്ചു. 84,000മാത്രം ജനസംഖ്യയുള്ള പ്രദേശത്തേക്കാണ് ഇത്രയുംപേർ എത്തിയത്. ഇതിന് പിന്നാൽ ആരാണ് എന്നതും എന്തിനായിരുന്നു എന്നതിനുമുള്ള ഉത്തരം അമേരിക്കൻ പക്ഷ രാജ്യങ്ങളുടെ രാഷ്ട്രീയത്തിലുണ്ട്. കുടിയേറ്റ വിരുദ്ധ ക്രൂരതകൾക്കെതിരായ സ്പാനിഷ് നിലപാടിനെ അതേ അനുഭവത്തിലൂടെ ശിക്ഷിക്കുക.
സ്‌പാനിഷ് പ്രസിഡന്റ് പെദ്രോ സാഞ്ചസ് ഇവരെ തിരിച്ചയക്കാനുള്ള നടപടികളാണ് തുടക്കത്തിൽ സ്വീകരിച്ചത്. ഒരു സ്ഫോടനം പോലെയാണ് അത്രയും പേര്‍ ഇരച്ചെത്തിയത്. ഇപ്പോൾ അവശേഷിക്കുന്നവരെ സഹാനുഭൂതിയോടെ പരിഗണിക്കുന്നു എന്ന വാര്‍ത്തകളാണ്.
യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും ഭരണകൂട സമീപനങ്ങളുടെ നേര്‍ വിപരീതമായി അഭയാര്‍ഥികളോടും ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്നവരോടും സഹാനുഭൂതിയോടെയാണ് സ്പെയിൻ പെരുമാറുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതോടെ മാനുഷികതയ്ക്ക് മുൻതൂക്കം ലഭിച്ചു.

സെവൂത്തയും മെലില്ലയും ഭൂമിശാസ്ത്രപരമായി മൊറോക്കോയുടെ ഭാഗമാണ്. ആ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന സമീപനമാണ് മൊറോക്കോയ്‌ക്കുള്ളത്. അതംഗീകരിക്കാൻ സ്‌പെയ്‌ൻ ഇതുവരെയും തയ്യാറായിട്ടില്ല. അതേസമയം മൊറോക്കോ, അമേരിക്കയുമായും ഇസ്രയേലുമായും അടുത്തബന്ധമുള്ള ആഫ്രിക്കൻ രാഷ്ട്രമാണ്.യു എസ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദങ്ങൾക്കും ഭീഷണിക്കും വഴങ്ങി ഇസ്രയേലുമായി അബ്രഹാം സന്ധിയിൽ ഒപ്പിട്ട ഇസ്ലാമികരാഷ്ട്രം കൂടിയാണ് മൊറോക്കോ.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് സ്‌പെയ്‌നിലെ സൈനികതാവളങ്ങൾ ഉപയോഗിക്കാൻ പ്രസിഡന്റ് സാഞ്ചസ് അനുമതി നൽകിയിരുന്നില്ല. ഇറാനെതിരായ യുദ്ധം അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്ന് തുറന്നടിച്ചു. മാത്രമല്ല ഗാസയിലേത് വംശഹത്യയാണെന്ന് ആദ്യം പരസ്യമായി പറഞ്ഞ യൂറോപ്പിലെ ഏക രാഷ്ട്രത്തലവൻ പെദ്രോ സാഞ്ചസ് ആണ്. ഇസ്രയേലിലേക്കുള്ള ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും സ്പാനിഷ് തുറമുഖമോ വിമാനത്താവളങ്ങളോ ഉപയോഗിക്കാൻ സ്‌പെയ്‌ൻ അനുമതി നൽകിയിരുന്നില്ല. ഇസ്രയേലിലേക്ക് ആയുധം എത്തിച്ചു നൽകാൻ ശ്രമിച്ച ഇന്ത്യൻ കപ്പൽ സ്പാനിഷ് തീരത്ത് നങ്കൂരമിടുന്നത് വിലക്കുക പോലും ചെയ്തിരുന്നു. ഇപ്പോൾ ഒരു അഭയാര്‍ഥി പ്രവാഹത്തിന്റെ കൂറ്റൻ മനുഷ്യ ബോംബ് അവര്‍ക്കെതിരെ തൊടുത്തിരിക്കയാണ്. ഒരേ സമയം ആയുധവും ഇരകളുമായി കുട്ടികൾ ഉൾപ്പെടെ ദുരിതക്കയങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരും.










0 comments