'ഇതാണ് ഇപ്പോഴത്തെ അവസ്ഥ'; പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു

തിരുവനന്തപുരം: സിപിഐ എം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വൈദ്യുതി നിലച്ചു. കോവളം ഏരിയ കമ്മിറ്റി ഓഫീസിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കറന്‍റ് പോയത്. പ്രസംഗം തടസ്സപ്പെട്ടതോടെ പിണറായി സീറ്റിലേക്ക് മടങ്ങിയിരുന്നു. “പകലും ഇപ്പോൾ ഉണ്ട്... അതുകൊണ്ട് കുഴപ്പമില്ല” എന്നും അദ്ദേഹം പ്രതികരിച്ചു. വൈദ്യുതി പുനഃസ്ഥാപിച്ചതോടെയാണ് പ്രസംഗം തുടർന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴും സമാനമായി വൈദ്യുതി നിലച്ചിരുന്നു. സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നതും പകൽ സമയങ്ങളിൽ അടിക്കടിയുണ്ടാകുന്ന പവർക്കട്ടും ജനജീവിതത്തെയും വ്യവസായ മേഖലയെയും ഒരുപോലെ വലയ്ക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ ഒന്നര മുതൽ രണ്ടുമണിക്കൂർവരെ വൈദ്യുതി നിയന്ത്രണം നീളുന്നതിനൊപ്പം പകൽ അപ്രഖ്യാപിത മുടക്കങ്ങളും ആവർത്തിക്കുകയാണ്. സെപ്തംബർ 29ന് മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം മുന്നറിയിപ്പില്ലാതെ വീണ്ടും പവർക്കട്ട് തിരിച്ചെത്തിയിരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ചായിരുന്നു മൂന്ന് ദിവസം ലോഡ് ഷെഡിങ് ഇല്ലാതിരുന്നത്.
യുഡിഎഫ് സർക്കാരിന്റെ കൃത്യമായ മുന്നൊരുക്കമില്ലായ്മയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. വൈദ്യുതി ഉപയോഗം വർധിക്കുമെന്നും ലഭ്യതയിൽ കുറവുണ്ടാകുമെന്നും നേരത്തെ തന്നെ വ്യക്തമായിരുന്നിട്ടും ആവശ്യമായ അധിക വൈദ്യുതി ഉറപ്പാക്കുന്നതിൽ സർക്കാർ വൈകി. പ്രതിസന്ധി രൂക്ഷമായശേഷമാണ് മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ചർച്ചകൾ കെഎസ്ഇബി ആരംഭിച്ചത്.









0 comments