ടിക്കറ്റുണ്ടെങ്കിലും പണി കിട്ടാം; ഒറിജിനൽ ഐഡി ഇല്ലെങ്കിൽ പിഴ ഇരട്ടി; ട്രെയിൻ യാത്രയിൽ നിയമങ്ങൾ കർശനം

AI പ്രതീകാത്മക ചിത്രം / Gemini
ന്യൂഡൽഹി: ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, ടിക്കറ്റുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഒക്ടോബർ 1 മുതൽ 31 വരെ ശക്തമായ ടിക്കറ്റ് പരിശോധന നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. സെൻട്രൽ റെയിൽവേയുടെ നേതൃത്വത്തിലാണ് ഈ പ്രത്യേക പരിശോധന ഡ്രൈവ്.
ഒറിജിനൽ ഐഡി കാർഡ് നിർബന്ധം:
കൺസെഷൻ (ഇളവുകൾ) വഴിയോ അല്ലെങ്കിൽ പ്രത്യേക സംവരണ ക്വോട്ടകൾ വഴിയോ യാത്ര ചെയ്യുന്നവർ അതിനുള്ള അർഹത തെളിയിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈവശം കരുതണം.
ഒന്നിലധികം ആളുകൾ ഒരുമിച്ച് ബുക്ക് ചെയ്ത ടിക്കറ്റുകളിൽ, യാത്രക്കാരിൽ കുറഞ്ഞത് ഒരാളെങ്കിലും അംഗീകൃത ഒറിജിനൽ ഐഡി കാർഡ് കാണിക്കേണ്ടതാണ്.
ആവശ്യമായ ഒറിജിനൽ ഐഡി കാർഡ് കാണിച്ചില്ലെങ്കിൽ, ആ ടിക്കറ്റിലുള്ള എല്ലാ യാത്രക്കാരെയും "ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി" കണക്കാക്കുകയും റെയിൽവേ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യും.
പാസുകളും കൺസെഷനുകളും പരിശോധിക്കും
ഇ-പാസ് അല്ലെങ്കിൽ പിടിഒ ( പ്രിവിലേജ് ടിക്കറ്റ് ഓർഡര്‍ ) ഉപയോഗിച്ച് യാത്ര ചെയ്യുന്നവരും ഒറിജിനൽ ഐഡി കാർഡ് കാണിക്കണം. യാത്രയ്ക്ക് മുൻപ് ഇവ കൃത്യമായി അതോറിറ്റി വഴി ടിക്കറ്റാക്കി മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
അൺറിസർവ്ഡ് ടിക്കറ്റുകളിൽ പ്രത്യേക ശ്രദ്ധ
സാധാരണ ടിക്കറ്റുകളുടെ യഥാർഥ സാധുത പരിശോധിക്കാൻ ടിക്കറ്റ് പരിശോധകർ 'TTE ആപ്പ്' ഉപയോഗിക്കും.
എന്തുകൊണ്ടാണ് ഈ പ്രത്യേക പരിശോധന?
സംവരണ സൗകര്യങ്ങളുടെ ദുരുപയോഗം തടയുക.
വ്യാജ ഇളവുകളും പാസുകളും കണ്ടെത്തുക.
ടിക്കറ്റുകളുടെ കൃത്യത ഉറപ്പുവരുത്തുക.
റെയിൽവേയുടെ വരുമാന ചോർച്ച തടയുക.
യാത്രയ്ക്ക് ഉപയോഗിക്കാവുന്ന അംഗീകൃത ഐഡി കാർഡുകൾ
യാത്രക്കാർ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു ഒറിജിനൽ ഐഡി കാർഡ് കൈവശം കരുതേണ്ടതാണ്
വോട്ടർ ഐഡി കാർഡ്
പാസ്‌പോർട്ട്
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
സീരിയൽ നമ്പറുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ ഐഡി കാർഡുകൾ
അംഗീകൃത സ്കൂൾ/കോളേജ് നൽകിയ ഫോട്ടോയുള്ള സ്റ്റുഡന്റ് ഐഡി
ഫോട്ടോയുള്ള നാഷണലൈസ്ഡ് ബാങ്ക് പാസ്‌ബുക്ക്
ഫോട്ടോയുള്ള ക്രെഡിറ്റ് കാർഡ്
ആധാർ കാർഡ്
ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള പിഴത്തുക ഇരട്ടിയാക്കി
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴത്തുക റെയിൽവേ ഇരട്ടിയാക്കി. ജൻ വിശ്വാസ് ആക്ട് 2026 പ്രകാരം, റെയിൽവേ ആക്ട് 1989-ലെ സെക്ഷൻ 137, 138 പ്രകാരമുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ചു. പിഴ ഒഴിവാക്കാൻ യാത്രക്കാർ കൃത്യമായ ടിക്കറ്റും അംഗീകൃത ഒറിജിനൽ തിരിച്ചറിയൽ രേഖകളും കൈവശം വച്ച് നിയമങ്ങൾ പാലിച്ചു മാത്രം യാത്ര ചെയ്യണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.









0 comments