ad
Deshabhimani

ഇറാൻ്റെ ചബഹാർ തുറമുഖത്തിന് നേരെ യുഎസ് ആക്രമണം; ഗൾഫിൽ വീണ്ടും യുദ്ധഭീതി

iran

ചബഹാർ തുറമുഖത്തിന് നേരെ യുഎസ് നടത്തിയ ആക്രമണം |Photo: Reuters

വെബ് ഡെസ്ക്

Published on Jul 09, 2026, 05:41 PM | 1 min read

വാഷിംഗ്ടൺ : ഇറാന്റെ തെക്കുകിഴക്കൻ തുറമുഖ നഗരമായ ചബഹാറിനു നേരെ ഇന്ന് യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച യുഎസ്-ഇറാൻ വെടിനിർത്തലിന് ശേഷം തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന് നേരെയുണ്ടാകുന്ന ആദ്യ ആക്രമണമാണിത്.


ചബഹാറിലുടനീളം വലിയ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി പൂർണമായും നിലച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഭീഷണിയുയർത്താൻ ഇറാനെ സഹായിക്കുന്ന നാവിക ഇൻഫ്രാസ്ട്രക്ചറുകളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് മിലിട്ടറി ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ തൊണ്ണൂറോളം ലക്ഷ്യസ്ഥാനങ്ങളിലാണ് ഈ ഘട്ടത്തിൽ ബോംബിട്ടത്.


ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് തിരിച്ചടി ശക്തമാക്കിയത്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ തുടർന്നാൽ സ്ഥിതി ഇതിലും മോശമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഞങ്ങൾ അവരെ ശക്തമായി പ്രഹരിച്ചു. അവർ ഞങ്ങളെ ഒന്നുതൊട്ടാൽ ഞങ്ങൾ തിരിച്ച് ഇരുപത് തവണ അടിക്കും, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം, യുഎസ് സൈനിക താവളങ്ങളുള്ള കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തുടർച്ചയായ രണ്ടാം ദിവസവും പ്രത്യാക്രമണം നടത്തി. ഗൂഢാലോചനകളും വാഗ്ദാന ലംഘനങ്ങളും ഇനി നടത്താമെന്ന് അമേരിക്ക കരുതേണ്ടെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കം ശക്തമായതോടെ ഗൾഫ് മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home