ad
Deshabhimani

'യാത്ര തുടരുക' വിദ്യാർഥിനിക്ക് നിർദേശം നല്‍കി പൈലറ്റ് വിമാനത്തിൽ നിന്ന് ചാടി മരിച്ചു; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് 22 കാരി

Pilot

ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ

വെബ് ഡെസ്ക്

Published on Jul 09, 2026, 06:09 PM | 1 min read

ടോളിഡോ: പരിശീലന പറക്കലിനിടെ പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടി മരിച്ചു. വിമാനത്തിൽ വിദ്യാർഥിനിയെ ഇരുത്തിയായിരുന്നു പൈലറ്റ് അപ്രതീക്ഷിതമായി പുറത്തേയ്ക്ക് ചാടി ജീവനൊടുക്കിയത്. എന്നാൽ ആപൈലറ്റ് പുറത്തേക്ക് ചാടിയതോടെ വിമാനത്തിലുണ്ടായിരുന്ന വിദ്യാർഥിനി കടുത്ത മാനസികാഘാതത്തിലായിട്ടും വിമാനം കേടുപാടുകളില്ലാതെ സുരക്ഷിതമായി 22 കാരി ലാൻഡ് ചെയ്തു. ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ (42) ആണ് മരിച്ചത്. അർജന്റീനയിലെ ടോളിഡോയിൽ ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ചയാണ് അർജന്റീന പബ്ലിക് പ്രോസിക്യൂട്ടർ വാർത്ത സ്ഥിരീകരിച്ച് പ്രസ്താവനയിറക്കിയത്.


സെസ്ന 150 ചെറുവിമാനത്തിൽ റൊസാരിയോ എന്ന 22 വയസുകാരിയായ വിദ്യാർഥിനിയുമായി പരിശീലനം നടത്തുന്നതിനിടെയായിരുന്നു സംഭവം. "നിനക്ക് എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാം, യാത്ര തുടരുക," എന്ന് പറഞ്ഞ ശേഷം ബെർട്ടാസോ ഹെഡ്‌സെറ്റും സീറ്റ് ബെൽറ്റും ഊരിമാറ്റി പെട്ടെന്ന് വിമാനത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് വിദ്യാർഥിനി പറയുന്നു. അന്ന് രാവിലെയും മറ്റൊരു വിദ്യാർഥിയോടൊപ്പം വിജയകരമായി പറക്കൽ നടത്തിയിരുന്നുവെന്നും എന്നാൽ പൈലറ്റിൽ ആത്മഹത്യ പ്രവണത ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.


ബെർട്ടാസോ ജോലി ചെയ്തിരുന്ന 'ഫ്ലൈയിങ് പാരറ്റ് കോർഡോബ' ഫ്ലൈയിങ് സ്കൂളിന്റെ ഡയറക്ടർ എഡ്വേർഡോ അൽവാരസ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വിമാനത്തിന്റെ വാതിൽ വായുസമ്മർദ്ദം കാരണം ആകാശത്തുവെച്ച് തുറക്കുക എന്നത് അതീവ ദുഷ്‌കരമാണെന്നും അൽവാരസ് ചൂണ്ടിക്കാട്ടി. അയൽരാജ്യമായ ചിലിയിലടക്കം വർഷങ്ങളോളം ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി ജോലി നോക്കിയ മികച്ച പരിചയസമ്പന്നനായ പൈലറ്റായിരുന്നു ബെർട്ടാസോ. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home