ഇൻസുലിൻ കുത്തിവയ്പ്പ് ഇനി ആഴ്ചയിൽ ഒരിക്കൽ മതി; ഇന്ത്യൻ വിപണിയിലേക്കെത്തുന്നു

ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ബേസൽ ഇൻസുലിൻ ഇഞ്ചക്ഷൻ അവിക്ലി ഇന്ത്യയിൽ പുറത്തിറക്കി. മുതിർന്നവരിലെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാം. പ്രതിവർഷം 365 കുത്തിവയ്പ്പുകൾ എടുക്കേണ്ട സ്ഥാനത്ത് 52 എണ്ണമായി കുറയ്ക്കാൻ ഇത് സഹായിക്കുന്നു. നോവോ നോർഡിസ്ക് എന്ന കമ്പനിയാണ് അവിക്ലി പുറത്തിറക്കുന്നത്.
70 യൂണിറ്റ് ഡോസിന് 261 രൂപയാണ് വില. 700 യൂണിറ്റിന് 2,611 രൂപയും
2,100 യൂണിറ്റിന് 7,833 രൂപയും വില വരും. നിലവിൽ ദിവസേന ഉപയോഗിക്കുന്ന ഇൻസുലിൻ ഉൽപ്പന്നങ്ങളെക്കാൾ വിലക്കുറവിലാണ് ഇത് വിപണിയിലെത്തുന്നത്. 345 മുതൽ 453 രൂപ വരെ വിലക്കുറവുണ്ടാകും.
അടുത്ത ആഴ്ച മുതൽ ഇന്ത്യൻ വിപണിയിൽ ഇൻസുലിൻ ലഭ്യമാകും. അവിക്ലി പുറത്തിറക്കുന്ന ഏഴാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ സാഹചര്യങ്ങൾ: ഇന്ത്യയിൽ 101 ദശലക്ഷം പ്രമേഹ രോഗികളും 136 ദശലക്ഷം പ്രീ-ഡയബറ്റിക് രോഗികളുമുണ്ടെന്നാണ് കണക്ക്. ഇൻസുലിൻ കുത്തിവയ്പ്പുകളോടുള്ള ഭയം, വേദന, ചെലവ് എന്നിവ കാരണം ചികിത്സ തുടങ്ങാൻ രോഗികൾ ശരാശരി 7-9 വർഷം വൈകുന്നുണ്ടെന്ന് കമ്പനി പറയുന്നു.
നിലവിൽ ഇന്ത്യയിലെ 6 ദശലക്ഷം പേർ ഇൻസുലിൻ തെറാപ്പിയെടുക്കുന്നുണ്ട്. ഇത് വൈകാതെ 9 ദശലക്ഷമായി ഉയരുമെന്നാണ് കരുതുന്നത്. 2034 ആകുമ്പോഴേക്കും ഇന്ത്യയിലെ ഇൻസുലിൻ വിപണി 916.4 മില്യൺ ഡോളറായി വളരുമെന്നാണ് IMARC-ന്റെ കണക്കുകൾ. സനോഫിയുടെ 'ലാന്റസ്' (Lantus) പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകളുമായും ബയോകോൺ, എറിസ് ലൈഫ് സയൻസസ്, ലുപിൻ തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ ഇൻസുലിൻ ഗ്ലാർജിൻ ഉൽപ്പന്നങ്ങളാണ് നിലവിൽ വിപണിയിലുള്ളത്.










0 comments