ട്രംപ് ആരംഭിച്ചത് പുതിയ വ്യാപാര യുദ്ധം; ശക്തമായി തിരിച്ചടിക്കുമെന്ന് കാനഡ

ഒട്ടാവ : കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ശക്തമായ നിലപാടുയർത്തി കാനഡ. അമേരിക്കൻ തീരുവയ്ക്ക് മറുപടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. സെപ്തംബർ 8 മുതൽ പുതിയ തീരുവകൾ പ്രാബല്യത്തിൽ വരും. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനുപിന്നാലെയാണ് ട്രംപ് കാനഡയ്ക്കുമേൽ തീരുവ ചുമത്തിയത്. ട്രംപ് പുതിയ വ്യാപാര യുദ്ധം ആരംഭിച്ചെന്നും ശക്തമായി പ്രതികരിക്കുമെന്നും കാനഡ പറഞ്ഞു.
യുഎസിന്റെ നീക്കം കാനഡയെ ദുർബലപ്പെടുത്തില്ലെന്നും പുതിയ തീരുവകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നും മാർക്ക് കാർണി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം ഉണ്ടായതിനാലാണ് കരാറിൽനിന്ന് പിന്മാറിയത്. അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകൾ അന്യായവും അംഗീകരിക്കാനാകാത്തതുമാണ്. മറ്റു രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ടാക്കാനുള്ള കാനഡയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥകളും അമേരിക്ക മുന്നോട്ടുവച്ചതായി കാർണി വ്യക്തമാക്കി.
കരാറിൽ നിന്ന് പിന്മാറിയതോടെ ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തി. വൈൻ, പാൽ ഉൽപ്പന്നങ്ങൾ, സിമന്റ്, വസ്ത്രങ്ങൾ, ഹോക്കി ഉപകരണങ്ങൾ തുടങ്ങിയവ പുതിയ തീരുവയുടെ പരിധിയിൽ വരും. സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, തടി എന്നിവയ്ക്ക് നിലവിലുള്ള യുഎസ് തീരുവകൾ തുടരും.
ഇതിന് മറുപടിയായി സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് “ഡോളറിന് ഡോളർ” എന്ന നിലയിൽ തുല്യമായ പ്രതികാര തീരുവ ഏർപ്പെടുത്തുമെന്ന് കാർണി വ്യക്തമാക്കി. സ്റ്റീൽ, പാൽ ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ദീർഘകാലമായി വ്യാപാര പങ്കാളികളായിരുന്നെങ്കിലും പരമാധികാരത്തിനു മേലെയുള്ള കടന്നുകയറ്റം അമേരിക്ക ആരംഭിച്ചതോടെയാണ് ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളൽ വീണത്.










0 comments