ad
Deshabhimani

ഏഷ്യൻ ഗെയിംസ് ടീമിനെ നിശ്ചയിച്ചു; 492 അംഗ ടീമിൽ 28 മലയാളികൾ

asian games

ബാഡ്മിന്റണിൽ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് സംഘത്തിലുള്ള ട്രീസ ജോളിയും (വലത്) ഗായത്രി ഗോപിചന്ദും; ഇരുവരും ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 01:29 PM | 2 min read

ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന 28 മലയാളികളടക്കമുള്ള 492 ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്ര കായിക മന്ത്രാലയം. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയയിലാണ് മത്സരങ്ങൾ. സംഘത്തിൽ 265 പുരുഷ താരങ്ങളും 227 വനിതാ താരങ്ങളും ഉൾപ്പെടുന്നു.


73 താരങ്ങളുമായി അത്‌ലറ്റിക്സാണ് ഏറ്റവും വലിയ വിഭാഗം. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര, ലോങ് ജംപിൽ ശ്രീശങ്കർ, ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേൽ, 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി എന്നിവരാണ് പ്രധാന പ്രതീക്ഷകൾ.


ബാഡ്മിന്റണിൽ പിവി സിന്ധു, ലക്ഷ്യ സെൻ, പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം എന്നിവരാണ് ശ്രദ്ധേയർ. ഷൂട്ടിങ്ങിൽ മനു ഭാകർ, റുദ്രാങ്ക്ഷ് പാട്ടീൽ, എലവെനിൽ വലറിവൻ, ഐശ്വര്യ പ്രതാപ് സിങ് തോമർ എന്നിവരും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്.


ബോക്സിങ്ങിൽ ലൊവ്ലിന ബോർഗോഹെയ്ൻ, വെയ്റ്റ്ലിഫ്റ്റിങ്ങിൽ മീരാബായി ചാനു എന്നിവരും ശ്രദ്ധേയ താരങ്ങളാണ്. ഹോക്കിയിൽ ഹർമൻപ്രീത് സിങ്, വനിതാ ടീമിൽ സലിമ ടെറ്റെ എന്നിവരും ടീമിന്റെ പ്രധാന താരങ്ങളാണ്.


ക്രിക്കറ്റിൽ ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ തുടങ്ങിയവർ പുരുഷ ടീമിലും സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ഷഫാലി വർമ്മ, ദീപ്തി ശർമ തുടങ്ങിയവർ വനിതാ ടീമിലും അണിനിരക്കും.


കബഡിയിൽ അർജുൻ ദേശ്വാൾ, പവൻ കുമാർ, ആശു മാലിക് എന്നിവർ പുരുഷ ടീമിന്റെ പ്രധാന താരങ്ങളാണ്. ഗുസ്തിയിൽ ദീപക് പുനിയ, സാഗർ ജഗ്ലാൻ, അന്തിം തുടങ്ങിയവർ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായി മാറുന്നു.


ഏഷ്യൻ ഗെയിംസിലെ മലയാളി സാന്നിധ്യം


അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, ക്രിക്കറ്റ്, നീന്തൽ തുടങ്ങിയ പ്രധാന ഇനങ്ങളിലാണ് മലയാളി സാന്നിധ്യം. 492 അംഗ ഇന്ത്യൻ സംഘത്തിൽ കേരളത്തിന്റെ താരങ്ങളും ശ്രദ്ധേയമായ മെഡൽ പ്രതീക്ഷകളാണ്.


അത്‌ലറ്റിക്സിൽ മലയാളിക്കരുത്ത്


മുരളി ശ്രീശങ്കർ പുരുഷ ലോങ് ജംപിൽ ഇന്ത്യയ്ക്കായി ഇറങ്ങും. വനിതാ ലോങ് ജംപിൽ ആൻസി സോജൻ മത്സരിക്കും. 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് 6.88 മീറ്റർ ചാടിയ ആൻസി നിലവിൽ മികച്ച ഫോമിലാണ്.


പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ മുഹമ്മദ് അഷ്ഫാഖും മിക്സഡ് റിലേയിൽ മനു തെക്കിനാലിൽ സജിയും ഇന്ത്യയുടെ സംഘത്തിലുണ്ട്. മുഹമ്മദ് അഫ്സൽ പുള്ളിക്കാലത്ത് പുരുഷ 800 മീറ്ററിലും, തൗഫീഖ് നൗഷാദ് ഡെക്കാത്തലോണിലും മത്സരിക്കും. വനിതാ 4×400 മീറ്റർ റിലേയിൽ അൻസാ ബാബുവും ഇന്ത്യയുടെ ടീമിലുണ്ട്.


ബാഡ്മിന്റണിൽ ഡബിൾ പ്രതീക്ഷ


ബാഡ്മിന്റണിൽ ട്രീസ ജോളി വനിതാ ഡബിൾസിൽ ഇന്ത്യയ്ക്കായി മത്സരിക്കും. അർജുൻ എംആർ പുരുഷ ഡബിൾസ് വിഭാഗത്തിലും ടീമിനൊപ്പമുണ്ട്. ഇന്ത്യൻ ബാഡ്മിന്റൺ സംഘത്തിലെ ഇവരുടെ പ്രകടനം കേരളവും ഉറ്റുനോക്കും.


ക്രിക്കറ്റിൽ സഞ്ജു സാംസൺ


സഞ്ജു സാംസൺ പുരുഷ ട്വന്റി 20 ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമാണ്. കേരള ക്രിക്കറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാളായ സഞ്ജുവിന്റെ ഏഷ്യൻ ഗെയിംസ് പ്രകടനത്തിനും വലിയ പ്രതീക്ഷയുണ്ട്.


നീന്തലിൽ സജൻ പ്രകാശ്


നീന്തലിൽ സജൻ പ്രകാശ് പുരുഷ ബട്ടർഫ്ലൈ ഇനങ്ങളിൽ ഇന്ത്യയ്ക്കായി മത്സരിക്കും. ഇടുക്കി സ്വദേശിയായ സാജൻ 100 മീറ്റർ, 200 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലാണ് പട്ടികയിലുള്ളത്.


ശ്രീശങ്കറിന്റെ ലോങ് ജംപ്, ആൻസി സോജന്റെ മികച്ച ഫോം, സഞ്ജു സാംസന്റെ ബാറ്റിങ്, ട്രീസ ജോളിയുടെ ഡബിൾസ് പോരാട്ടം, സാജൻ പ്രകാശിന്റെ നീന്തൽ തുടങ്ങി 2026 ഏഷ്യൻ ഗെയിംസിൽ കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി മത്സരങ്ങളാണ് മുന്നിലുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home