ദുലീപ് ട്രോഫി: വൈഭവ് സൂര്യവംശി നിരാശപ്പെടുത്തി

വൈഭവ് സൂര്യവംശി| Photo: Indian Express
ബംഗളൂരു : ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനലിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ ഏറെ പ്രതീക്ഷയോടെ ക്രീസിലിറങ്ങിയ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി നിരാശപ്പെടുത്തി. എട്ട് റൺസ് മാത്രമെടുത്ത് ഈസ്റ്റ് സോൺ ഓപ്പണറായ വൈഭവ് പുറത്തായി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത നോർത്ത് ഈസ്റ്റ് സോണിനായി പേസർ ബിശ്വൗർജിത് കൊന്തൗജാം ആണ് വൈഭവിനെ പുറത്താക്കിയത്. ബിശ്വൗർജിതിന്റെ ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തി മികച്ച രീതിയിലാണ് വൈഭവ് തുടങ്ങിയതെങ്കിലും അവസാന പന്തിൽ ഗള്ളിയിൽ ജോസഫ് ലാൽതങ്കൂമയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ഇഷാൻ കിഷൻ നയിക്കുന്ന ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായാണ് പതിനഞ്ചുകാരനായ വൈഭവിനെ സെലക്ടർമാർ തെരഞ്ഞെടുത്തത്. ട്വന്റി20യിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫസ്റ്റ് ക്ലാസ് റെഡ് ബോൾ ക്രിക്കറ്റിൽ ഇനിയും താരം ഫോം കണ്ടെത്തിയില്ല.
ബിഹാറിനായി കളിച്ച എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 17ൽ താഴെ ശരാശരി മാത്രമാണ് വൈഭവിനുള്ളത്. മത്സരത്തിൽ ജയിച്ചാൽ ആഗസ്ത് 30ന് നടക്കുന്ന സെമിഫൈനലിൽ സെൻട്രൽ സോണിനെയോ സൗത്ത് സോണിനെയോ ഈസ്റ്റ് സോൺ നേരിടും.









0 comments