റിലയൻസ് വായ്പാ തട്ടിപ്പ്; കുറ്റപത്രം സമർപ്പിച്ച് സിബിഐ

മുംബൈ : റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട 1,200 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആകെ മൂന്ന് കുറ്റപത്രമാണ് സമർപ്പിച്ചത്. റിലയൻസ് എഡിഎ ഗ്രൂപ്പ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അമിതാഭ് ജുൻജുൻവാലയെ പ്രതിയാക്കിയാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എസ്ബിഐയെ വഞ്ചിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാടെൽ എന്നീ കമ്പനികൾക്കായി 1,200 കോടി രൂപയുടെ ടേം ലോൺ നേടിയെടുക്കാൻ നടന്ന ഗൂഢാലോചനയ്ക്ക് അമിതാഭ് നേതൃത്വം നൽകിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് എസ്ബിഐക്ക് ഏകദേശം 971.25 കോടി രൂപയുടെ നഷ്ടമുണ്ടായതായും സിബിഐ പറയുന്നു. എസ്ബിഐയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആകെ 19,694.33 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് വിവിധ സ്ഥാപനങ്ങൾക്ക് ഈ കേസിൽ ഉണ്ടായിട്ടുള്ളത്.
മെയ് 29ന് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ റിലയൻസ് കമ്യൂണിക്കേഷൻസ്, കമ്പനിയിലെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർ, പത്ത് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരടക്കം 16 പേരെ പ്രതിചേർത്തിരുന്നു. പിന്നീട് നെറ്റിസൻ എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡിനെയും ഡയറക്ടർമാരായ അനിൽ ജമ്ന കല്യ, ടുനു സാഹു എന്നിവരെയും ഉൾപ്പെടുത്തി കുറ്റപത്രം നൽകി. പുതിയ കുറ്റപത്രത്തോടെ കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം 20 ആയി.
റിലയൻസ് എഡിഎ ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എല്ലാവരും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും സിബിഐ അറിയിച്ചു. മറ്റുള്ളവരുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.









0 comments