കാനഡയിൽ കാട്ടുതീ പടരുന്നു; യുഎസിലും വായു മലിനീകരണ മുന്നറിയിപ്പ്

കാട്ടുതീ പുക മൂടിയ യുഎസ് നഗരം| Photo:Getty Images
ഒട്ടാവ : കാനഡയിൽ പടർന്നുപിടിക്കുന്ന കാട്ടുതീയുടെ പുക യുഎസ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ വൻതോതിൽ വായു മലിനീകരണ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാനഡയിൽ 800ലേറെ മേഖലകളിൽ കാട്ടുതീ സജീവമാണെന്നും, ഇതിൽ ഭൂരിഭാഗവും നിയന്ത്രണാതീതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. വടക്കൻ യുഎസിലെ മിഷിഗൺ, മിനസോട്ട സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും വായുവിന്റെ നിലവാരം അപകടകരമായ നിലയിലെത്തി. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടിനുള്ളിൽ തുടരണമെന്ന് യുഎസ് എയർ ക്വാളിറ്റി ഇൻഡക്സ് നിർദേശിച്ചു.
യുഎസ് നാഷണൽ വെതർ സർവീസ് പ്രകാരം, അപ്പർ മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്ക്സ് മേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കും കാട്ടുതീ പുക വ്യാപിച്ചിട്ടുണ്ട്.
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ വടക്കൻ മേഖലകളിൽ പടർന്ന കാട്ടുതീയെ തുടർന്ന് പ്രാദേശിക ഫസ്റ്റ് നേഷൻസ് സമൂഹങ്ങളിലെ നിരവധി പേരെ ഒഴിപ്പിച്ചു. ചില പ്രദേശങ്ങളിൽ വീടുകൾ പൂർണമായും കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മാത്രം 30 പുതിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒന്റാറിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലെ കാട്ടുതീയിൽ നിന്നുള്ള കനത്ത പുക തണ്ടർ ബേ, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലെ വായു നിലവാരത്തെ ബാധിച്ചു. ന്യൂയോർക്ക് ഉൾപ്പെടെയുള്ള യുഎസ് നഗരങ്ങളിലും പുകമഞ്ഞ് നിറഞ്ഞ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ വായു നിലവാരം അപകടകരമായ അവസ്ഥയിലേക്ക് എത്തി. ന്യൂയോർക്ക് സിറ്റി മേഖലയിലും മലിനീകരണ മുന്നറിയിപ്പ് തുടരുകയാണ്. ജനങ്ങൾക്കായി നഗരത്തിൽ ശീതീകരണ കേന്ദ്രങ്ങളും കെഎൻ95 മാസ്കുകളും ഒരുക്കിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലും വടക്കുപടിഞ്ഞാറൻ കാറ്റ് കാനഡയിലെ കാട്ടുതീ പുക യുഎസിലെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഞായറാഴ്ച ന്യൂജേഴ്‌സിയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിനെയും പുക ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. വായു നിലവാരം നിരീക്ഷിക്കുന്ന സ്വിസ് സ്ഥാപനമായ ഐക്യു എയർന്റെ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും മോശം വായു നിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ ഡെട്രോയിറ്റ് മുന്നിലാണ്. മിനിയാപൊളിസ്, ഷിക്കാഗോ, ടൊറന്റോ എന്നിവയും മോശം വായു നിലവാരം രേഖപ്പെടുത്തിയ നഗരങ്ങളിലുണ്ട്.
കാനഡയിലെ കാട്ടുതീ നിയന്ത്രണ നടപടികളെക്കുറിച്ച് മിഷിഗണിലെ റിപ്പബ്ലിക്കൻ നിയമനിർമാതാക്കൾ വിമർശനം ഉന്നയിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്ത് നൽകി. എന്നാൽ ഇരു രാജ്യങ്ങളും കാട്ടുതീ നിയന്ത്രണത്തിൽ സഹകരിക്കുന്നുണ്ടെന്ന് യുഎസ് അംബാസഡർ പീറ്റ് ഹോക്ക്സ്ട്ര വ്യക്തമാക്കി. കാട്ടുതീയുടെ വ്യാപ്തിയും തീവ്രതയും കാരണം പൂർണമായും അണയ്ക്കുന്നത് ഏറെ പ്രയാസമാണെന്നും, തീ സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുന്നതിനാണ് പ്രധാന മുൻഗണനയെന്നും വിദഗ്ധർ വ്യക്തമാക്കി.











0 comments