ചെറുത്തുനിൽപിന് പിന്നിൽ സാംസ്കാരിക അധിനിവേശവും; അമേരിക്കയുടെ ഉറപ്പ് പെൻസിൽ കൊണ്ട് എഴുതിയതെന്ന് കര്‍ണി

ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികാര ചുങ്കവും മറുചുങ്കവുമായി അകൽച്ചയും തര്‍ക്കവും വര്‍ധിക്കുന്നു. പതിവ് പോലെ കാനഡയ്ക്ക് മേൽ
അമിതാധികാരം പ്രയോഗിക്കാൻ ഡൊണൾഡ് ട്രംപ് ശ്രമിച്ചതാണ് തര്‍ക്കത്തിന് തുടക്കമിട്ടത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
മറ്റ് രാജ്യങ്ങളുമായി കാനഡ നടത്തുന്ന വ്യാപാര കരാറുകളിൽ ട്രംപ് ഇടപെട്ടു. ഇവയ്ക്കുമേൽ നിയന്ത്രണത്തിന് ശ്രമിച്ചു. ഒപ്പം ക്യുബെക് സംസ്കാരത്തിനും ഫ്രഞ്ച് ഭാഷയ്ക്കും എതിരായ തന്റെ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. കാനഡ പ്രധാനമന്ത്രി മാർക്ക് കാര്‍ണി ഇതിനെ ശക്തമായി പ്രതിരോധിച്ചു.
അമേരിക്കയുടെ അമിതമായ സാമ്പത്തിക സ്വാധീനത്തിൽ നിന്ന് രക്ഷപെടാൻ കാനഡ സമീപകാലത്തായി യൂറോപ്യൻ യൂണിയൻ, ഏഷ്യ പസഫിക് രാജ്യങ്ങൾ, ഇതര മുൻനിര സാമ്പത്തിക ശക്തികൾ എന്നിവയുമായി കൂടുതൽ അടുക്കാൻ ശ്രമം തുടരുകയായിരുന്നു. സ്വതന്ത്ര വ്യാപാര കരാറുകൾ കൂടുതലായി നേടിയെടുക്കുകയും ചെയ്തു.
തര്‍ക്കത്തിലെ ഫ്രഞ്ച് കണക്ഷൻ
കാനഡയിലെ ഫ്രഞ്ച് സംസാരിക്കുന്ന പ്രധാന പ്രവിശ്യയാണ് ക്യുബെക്. ഇവരുടെ പ്രദേശിക സംസ്കാരം, മീഡിയ, സിനിമ വ്യവസായങ്ങൾ എന്നിവ സംരക്ഷിക്കാനും തദ്ദേശീയത ഉറപ്പാക്കാനും കാനഡയിൽ പ്രത്യേക നിയമങ്ങളുണ്ട്.
കാനഡയുടെ ദേശീയ വ്യക്തിത്വത്തിന്റെ പ്രധാന അടയാളമാണ് ക്യൂബെക്. വ്യാപാര ലാഭത്തിന് വേണ്ടി തങ്ങളുടെ സംസ്കാരവും സ്വത്വവും പണയം വെക്കില്ലെന്നും, ഇത്തരം ഭീഷണികൾ കാനഡയുടെ പരമാധികാരത്തിന്മേലുള്ള ചോദ്യം ചെയ്യലാണെന്നും ചൂണ്ടിക്കാട്ടിയാണ് കാർണി ട്രംപിന്റെ ആവശ്യത്തെ എതിര്‍ത്തത്. അമേരിക്കൻ ടെക് കമ്പനികൾക്കും വിനോദ വ്യവസായത്തിനും കടന്നു കയറാൻ എളുപ്പമാക്കുന്ന വിധം ക്യുബെക് സംരക്ഷണ നിയമത്തിൽ ഇളവ് വരുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ചുരുക്കത്തിൽ ചര്‍ച്ച വ്യാപാര തര്‍ക്കം എന്നതിനപ്പുറം സാംസ്കാരിക അധിനിവേശത്തിനുള്ള അമേരിക്കൻ ശ്രമത്തിന് എതിരായ ചെറുത്തു നിൽപ്പുമായി മാറി.
മറ്റ് രാജ്യങ്ങളുമായി കാനഡ നടത്തുന്ന വ്യാപാര കരാറുകളിൽ നിയന്ത്രണം ഏർപ്പെടുത്താനായി അവസാന നിമിഷം അമേരിക്ക നീക്കം നടത്തിയതും, ക്യുബെക്ക് സംസ്കാരത്തിനും ഫ്രഞ്ച് ഭാഷയ്ക്കും എതിരെ ഭീഷണി ഉയർത്തിയതുമാണ് ചര്‍ച്ച വഴിമുട്ടിയതിന് പ്രധാന കാരണമെന്ന് കാർണി വ്യക്തമാക്കി.
അധിനിവേശം ചെറുത്തു
പ്രതികാരമായി ചുങ്കം
20 ബില്യൺ ഡോളർ മൂല്യമുള്ള കാനഡയുടെ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% താരിഫ് ചുമത്തി. കനേഡിയൻ കയറ്റുമതിയുടെ 5.5% വരുമിത്. കാനഡയുടെ കയറ്റുമതിയുടെ 70 ശതമാനവും ഇപ്പോൾ യു എസിലേക്കാണ് എന്ന ആശ്രിതത്വവും നിലനിൽക്കുന്നുണ്ട്. ഇതിനെ പൊട്ടിക്കാനാണ് കര്‍ണിയുടെ ശ്രമം. സെപ്തംബര്‍ എട്ട് മുതൽ പ്രാബല്യത്തിൽ വരുന്ന വിധം അമേരിക്കൻ ഉത്പന്നങ്ങൾക്ക് കാനഡ മറുപടി ചുങ്കവും പ്രഖ്യാപിച്ചിരിക്കുന്നു.
ഇതിന് പിന്നാലെ അമേരിക്കയെ വിശ്വസിക്കാൻ കഴിയില്ലെന്ന് പരസ്യമായി പറഞ്ഞ് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് രംഗത്ത് എത്തി. രാജ്യത്തോട് ഒറ്റക്കെട്ടായി യു എസ് നീക്കത്തെ ചെറുക്കാനായി അണിനിരക്കാനും ആവശ്യപ്പെട്ടു.
ചുരുക്കത്തിൽ ഇത് വെറുമൊരു സാമ്പത്തിക തര്‍ക്കത്തിനപ്പുറം കാനഡയുടെ സാംസ്കാരികമായ നിലനിൽപ്പിനും സാമ്പത്തിക സ്വയം നിര്‍ണയാവകാശത്തിനും വേണ്ടിയുള്ള പോരാട്ടവും കൂടി അടയാളപ്പെടുത്തുകയാണ്. അമേരിക്ക അടുത്ത കാലത്ത് ഏറ്റുവാങ്ങിയ തിരിച്ചടികളിൽ കാനഡയുടെ പക്ഷത്തുനിന്നു കൂടി പരിക്കേൽക്കുകയാണ്.
ട്രംപിന്റെ അമേരിക്ക ഫസ്റ്റും
വര്‍ധിക്കുന്ന വിടവുകളും
ഡൊണൾഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയം യൂറോപ്യൻ യൂണിയനിൽ വലിയ വിടവ് സൃഷ്ടിച്ചു. അമേരിക്കൻ ടെക് ഭീമൻമാര്‍ക്കെതിരെ യൂറോപ് ഏര്‍പെടുത്തിയ ഡിജിറ്റൽ ടാക്സുകളും നിയന്ത്രണങ്ങളും ഇതിന്റെ പ്രതിഫലനമായിരുന്നു. നയതന്ത്ര സാമ്പത്തിക മേഖലകളിൽ മാത്രമല്ല കായിക, സാംസ്കാരിക മേഖലകളിൽ പോലും ഇത് പ്രകടമായി വരുന്നു.
ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങളുടെ ഒരു പങ്ക് ട്രംപിന്റെ അടുത്ത ബന്ധുക്കളുടെ നേതൃത്വത്തിലുള്ള പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പന് കൈമാറാനും ഇതിനായി ഫിഫയെ ഭാഗികമായി സ്വകാര്യ വൽക്കരിക്കാനും ശ്രമം നടത്തി. എന്നാൽ ഇതിനെതിരെ ഏറ്റവും ശക്തമായി രംഗത്തു വന്നത് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ UEFA യാണ്. മാത്രമല്ല യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം ഫിഫയെ ബഹിഷ്കരിക്കുമെന്നും പ്രഖ്യാപിച്ചു. ട്രംപിന്റെ നീക്കത്തെ ശക്തമായി ചെറുത്തു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (AFC) ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇതിന് പിന്തുണ പ്രഖ്യാപിച്ചു.
ഇറാൻ എന്ന
അമേരിക്കൻ പ്രതിസന്ധി
ഇറാനിലും തിരിച്ചടികൾ തുടരുകയാണ്. യുദ്ധം തുടങ്ങാൻ കാരണക്കാരായ ഇസ്രയേൽ പതിയെ പിൻമാറി. അമേരിക്കയുടെ ചെലവിൽ യുദ്ധം നടത്തിച്ചു. ലോകത്തിലെ മുഴുവൻ രാജ്യങ്ങളും ഈ യുദ്ധത്തിന്റെ ദുരിത ഫലങ്ങൾ ഏറ്റുവാങ്ങി. യുദ്ധത്തിന്റെ സാമ്പത്തിക ഭാരവും അതിനൊപ്പം ആഗോള തലത്തിലെ എതിര്‍പ്പുകളും വര്‍ധിക്കയാണ്.
"അമേരിക്കൻ ഒപ്പ് പെൻസിൽ കൊണ്ട് എഴുതിയതാണ്" - മാര്‍ക് കര്‍ണി
പാകിസ്ഥാനും സൗദി അറേബ്യയും തുര്‍ക്കെയും ഉൾപ്പെട്ട 'മക്ക കൂട്ടായ്മ പ്രതിരോധ കരാർ' (Mecca Joint Defence Agreement) പശ്ചമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ തന്നെയും എതിര്‍ ഗ്രൂപ്പുകൾ തിരിയിടുന്നതിന്റെ സൂചനയായി. മാത്രമല്ല മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഗൾഫ് രാജ്യങ്ങൾക്കും എതിരായി ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തിരിച്ചടിച്ചു. അവയെ പ്രതിരോധിക്കാൻ യു എസിന് പൂർണ്ണമായി സാധിച്ചില്ലെന്ന തിരിച്ചറിവ് ഗൾഫ് രാജ്യങ്ങളിൽ ഉയര്‍ന്നു വന്നിട്ടുണ്ട്. ആരാണ് യഥാര്‍ത്ഥ ശത്രു എന്ന ചോദ്യം ഉയരുന്നു. സര്‍വ ലോക മര്യാദകളെയും മാനുഷികതയെ തന്നെയും കാറ്റിൽപറത്തിയുള്ള ഇസ്രയേലിന്റെ ആക്രമണ ശൈലി ഇതിന് വളമിടുകയും ചെയ്യുന്നു.
ലോക വ്യാപാര രംഗത്തും
പ്രതിരോധം
ഏഷ്യ,ലാറ്റിൻ അമേരിക്ക,ആഫ്രിക്ക വ്യാപാര കൂട്ടായ്മകൾ തമ്മിൽ കൂടുതൽ വ്യാപരം ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ടുകൾ. ചുങ്കം മറികടക്കലായിരുന്നു ഈ കൂട്ടായ്മകളുടെ തുടക്കത്തിലെ ലക്ഷ്യം. പുതിയ വ്യാപാര സാധ്യതകൾ ആഗോള സാമ്പത്തിക രംഗത്ത് തുറന്നിട്ടു എന്നതായിരിക്കുന്നു ഇതിന്റെ അവസാന ഫലം.
മാത്രമല്ല ഡോളറിനെതിരെയും കൂട്ടായ്മ ശക്തിപ്പെടുന്നു. ഉപരോധം മറികടക്കാൻ പ്രാദേശിക കറൻസികളിൽ വ്യാപാരം സജീവമായി. യുറോയും ചൈനയുടെ യുവാനും എല്ലാം ലോക വ്യാപാരത്തിൽ സജീവമായി തുടങ്ങി. ഇറാനിൽ നിന്ന് ചൈന യുവാൻ ഉപയോഗിച്ചാണ് എണ്ണ വാങ്ങുന്നത്. ഡോളറിനെതിരെ പൊതു കറൻസി എന്ന ആവശ്യം ഏറെക്കാലമായി ചര്‍ച്ചകളിലുണ്ട്. ഇത് അമേരിക്കയെ വിറളി പിടിപ്പിച്ചിരുന്നതാണ്.
ട്രാൻസ് പസഫിക് കരാറിൽ നിന്ന് അമേരിക്ക പിൻമാറിയപ്പോൾ കാനഡയും ജപ്പാനും മുൻകൈ എടുത്ത് CPTPP എന്ന പുതിയ കൂട്ടായ്മ രൂപപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. നാറ്റോയിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. പ്രതിരോധ വിഹിതം കൂട്ടണമെന്ന അമേരിക്കയുടെ നിരന്തര ആവശ്യം അംഗ രാജ്യങ്ങളിൽ കടുത്ത അതൃപ്തിയും അകൽച്ചയും രൂപപ്പെടാൻ കാരണമായി തുടരുന്നു. യു എൻ, അന്താരാഷ്ട്ര ക്രിമിനൽ കോടതി തുടങ്ങിയ ആഗോള സ്ഥാപനങ്ങൾക്ക് എതിരെ സാമ്പത്തികവും നയപരവുമായ ആക്രമണവും ലോകം കണ്ടുനിൽക്കുന്നു.
അമേരിക്കയുടെ രാഷ്ട്രീയ വിശ്വസനീയത തന്നെയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്. ഇതിൽ ഏറ്റവും കടുത്ത വാക്കുകൾ കാനഡ പ്രധാനമന്ത്രിയുടെ ആയിരുന്നു. "അമേരിക്കൻ ഒപ്പ് പെൻസിൽ കൊണ്ട് എഴുതിയതാണ്" എന്നാണ് മാര്‍ക് കര്‍ണി പറഞ്ഞത്.










0 comments