മുതലയുടെ വയറ്റിൽ മൃതദേഹാവശിഷ്ടങ്ങളും 6 ജോഡി ഷൂസുകളും; അമ്പരപ്പിക്കുന്ന വീഡിയോ

കാണാതായ ഗബ്രിയേൽ ബാറ്റിസ്റ്റ, മുതലയേയും ഉദ്യോഗസ്ഥനേയും ഹെലികോപ്റ്റർ വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു, മുതലയുടെ വയര്‍ പരിശോധിക്കുന്നു
നെയ്റോബി: ദക്ഷിണാഫ്രിക്കയിലെ പ്രളയത്തിൽ കാണാതായ ബിസിനസുകാരനെ മുതല വിഴുങ്ങിയെന്ന് റിപ്പോർട്ടുകൾ. മുതലകൾ നിറഞ്ഞ നദിയിൽ ജീവൻ പണയപ്പെടുത്തി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ ആഴ്ചയാണ് പ്രളയത്തിനിടെ താഴ്ന്ന പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ ബിസിനസുകാരനായ 59-കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ കാർ ഒഴുക്കിൽപ്പെട്ടത്. പൊലീസ് എത്തുമ്പോഴേക്കും കാറിനകം ശൂന്യമായിരുന്നു. ഇദ്ദേഹം ഒഴുക്കിൽപ്പെട്ടതാകാം എന്ന നിഗമനത്തിലായിരുന്നു അധികൃതർ. തുടർന്ന് ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെയാണ് നദിയിലെ ഒരു ചെറിയ തുരുത്തിൽ മുതലക്കൂട്ടങ്ങളെ ശ്രദ്ധയിൽപ്പെട്ടത്.
ഇതിൽ ഒരു മുതലയുടെ വയർ അസാധാരണമായി വീർത്തിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഡൈവിംഗ് യൂണിറ്റ് കമാൻഡർ ക്യാപ്റ്റൻ,
ഹെലികോപ്റ്ററിൽനിന്ന് കയറിൽ തൂങ്ങി നദിയിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് മുതലയുടെ ശരീരത്തിൽ കയർ കുടുക്കി. മുതലയേയും ഉദ്യോഗസ്ഥനേയും ഹെലികോപ്റ്റർ വഴി ഒരുമിച്ച് ഉയർത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു.
മുതലയെ കൊലപ്പെടുത്തി വയർ കീറിയ ശേഷം പുറത്തെടുത്ത ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നതിനുശേഷമേ ഇത് കാണാതായ ബിസിനസുകാരന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് അധികൃതർ അറിയിച്ചു. 15 അടി നീളമുള്ള കൂറ്റൻ മുതലയെ പിടികൂടി പരിശോധിച്ചപ്പോൾ വയറ്റിൽ നിന്ന് കണ്ടെത്തിയത് മനുഷ്യശരീരാവശിഷ്ടങ്ങൾ മാത്രമല്ല, ആറ് ജോഡി ഷൂസുകളും ആഭരണങ്ങളുമാണ്.
നിരവധി മനുഷ്യരെ ഈ കൂറ്റൻ മുതല ഇരയാക്കിയിട്ടുണ്ടാകാമെന്ന ഭീതിയിലാണ് അധികൃതർ. നദിയിൽ കാണാതായ മറ്റുള്ളവരുമായി ഈ ഷൂസുകൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. വിവിധ വലിപ്പത്തിലുള്ള ഈ ഷൂസുകൾ പലപ്പോഴായി ഈ മുതല വിഴുങ്ങിയ മനുഷ്യരുടേതാണെന്നാണ് നിഗമനം. നദീതീരത്ത് നിന്ന് മുൻപ് കാണാതായവരുടെ പട്ടിക പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.











0 comments