കെനിയയിലെ ബസ് അപകടം; മരിച്ചവരിൽ അഞ്ച് മലയാളികളും

kenya accident
വെബ് ഡെസ്ക്

Published on Jun 10, 2025, 07:11 PM | 2 min read

നയ്റോബി: കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികളും. പാലക്കാട് ഒറ്റപ്പാലം കാഞ്ഞിരംപാറ പുത്തൻവീട്ടിൽ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ സ്വദേശികളായ ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ ​റൂഹി മെഹ്റിൻ (ഒന്നര വയസ്), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. ന്യാൻഡാരുവ പ്രവിശ്യയിലെ ഓൾ ജോറോറോക്ക്-നകുരുവിലാണ് അപകടം.





തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. നകുരു പ്രവിശ്യയിൽ നിന്ന് ലൈക്കിപിയയിലെ ന്യാഹുരുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് സംഘം പോകുമ്പോഴാണ് അപകടമുണ്ടായത്. ഗിച്ചാക്കയിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 100 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ​


​ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറിൽ നിന്നും കെനിയയിലേക്ക് പോയ 28 പേർ അടങ്ങിയ വിനോദയാത്രാ സംഘമാണ് മധ്യ കെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽ പെട്ടത്. മരിച്ച റിയയുടെ ഭർത്താവ് ജോയൽ ഗുരുതര പരിക്കുകളോടെ കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മകൻ ട്രാവിസും പരിക്കുകളോടെ ആശുപത്രിയിലാണ്.





ബസിൽ മുപ്പതിലേറപ്പേരുണ്ടായിരുന്നു. 28 പേർ വിനോദ സഞ്ചാരികളായിരുന്നെന്നും 3 പേർ പ്രാദേശികരായിരുന്നെന്നും പൊലീസ് അറിയിച്ചു. കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരാണ്​ യാത്രാ സംഘത്തിലുണ്ടായിരുന്നത്​. വിനോദ സഞ്ചാര സംഘത്തിൽ 14 മലയാളികൾ ഉണ്ടായിരുന്നു.


ന്യാഹുരുരു ടൗണിൽ നിന്നും 41 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ഗിച്ചാക്ക. കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണം. മലകളും കുന്നുകളുമുള്ള ഈ ഭാഗത്ത് കുത്തനെയുള്ള റോഡിൽ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നയ്​റോബിയിൽ നിന്നും 200ഓളം കിലോമീറ്റർ ദൂരെയായാണ്​ അപകടം നടന്നത്​.


ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവര്‍ക്ക് സഹായങ്ങളുമായി കെനിയയിലെ കേരള ​അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്​. രാവിലെയോടെ ഖത്തറിൽ നിന്നും ​​ട്രാവൽ ഏജൻസി പ്രതിനിധികളും സ്​ഥലത്തെത്തിയിട്ടുണ്ട്​.



deshabhimani section

Related News

View More
0 comments
Sort by

Home