ലൈംഗിക പീഡനം, ശ്രീലങ്കൻ ബുദ്ധ സന്യാസി പല്ലേഗമ ഹേമരതനയ്ക്ക് ജാമ്യം

കൊളംബോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിൽ അറസ്റ്റിലായ ശ്രീലങ്കയിലെ മുതിര്‍ന്ന ബുദ്ധ സന്യാസി പല്ലേഗമ ഹേമരതനയ്ക്ക് ജാമ്യം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മെയ് 14 നാണ് ഇദ്ദേഹം അറസ്റ്റിലായത്. അനുരാധപുരയിലെ അഷ്ടമസ്ഥാന പ്രീസ്റ്റ് ആണ് 71 കാരനായ പല്ലേഗമ ഹേമരതന. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് പെൺകുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കും ജാമ്യം അനുവദിച്ചു.
ശ്രീലങ്കയിലെ വിശുദ്ധ നഗരമായ അനുരാധപുരയിലെ ക്ഷേത്ര പരിസരത്ത് വെച്ച് ഇപ്പോൾ 15 വയസ് പൂര്‍ത്തിയായിട്ടുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. 2022-ൽ കുട്ടിക്ക് 11 വയസ്സുള്ളപ്പോഴാണ് സംഭവം നടന്നത്. അമ്മ ഇതിന് കൂട്ടുനിന്നതായും പരാതിപ്പെട്ടു. കഴിഞ്ഞ മാർച്ചിലാണ് ഇത് സംബന്ധിച്ച പരാതി ഉയര്‍ന്നു വന്നത്. ഇതോടെ നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റി വിശദമായ അന്വേഷണം നടത്തി. അന്വേഷണ റിപ്പോര്‍ട് പുറത്തായതോടെയാണ് പൊലീസ് സന്യാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കേസ് അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഹേമരതന നിഷേധിച്ചു.
പ്രതിയായ പല്ലേഗമ ഹേമരതന ശ്രീലങ്കയിലെ ഏറ്റവും സ്വാധീനമുള്ള ബുദ്ധ സന്യാസിമാരിൽ ഒരാളാണ്. അനുരാധപുരയിലെ അതിപുരാതനവും പവിത്രവുമായി കരുതപ്പെടുന്ന എട്ട് പ്രധാന ബുദ്ധക്ഷേത്രങ്ങളുടെയും (അടമസ്ഥാനം) തീർത്ഥാടന കേന്ദ്രങ്ങളുടെയും മുഖ്യ സൂക്ഷിപ്പുകാരനാണ്. രാജ്യത്തെ മത-സാമൂഹിക മേഖലകളിൽ വലിയ സ്വാധീനമുള്ള ഒരു വ്യക്തി ഇത്തരം ഗുരുതരമായ ആരോപണത്തിൽ അറസ്റ്റിലായത് ശ്രീലങ്കയിൽ വലിയ ഞെട്ടലും പ്രതിഷേധവും ഉയര്‍ത്തിയിരുന്നു.
Related News
ജാമ്യത്തിനെതിരെ കടുത്ത പ്രതിഷേധം
ജാമ്യം അനുവദിച്ചതിന് എതിരെ വനിതാ സംഘടനകളും പുരോഗമന കക്ഷികളും കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു. 'വുമൺ ഫോർ ഫ്രീഡം' എന്ന വനിതാ കൂട്ടായ്മ കോടതിക്ക് മുന്നിൽ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു.
"സമൂഹം ഇരയായ കുട്ടിക്കൊപ്പം നിൽക്കുന്നതിന് പകരം, കുറ്റാരോപിതനായ സന്യാസിയുടെ ഭാഗം ചേരാനാണ് താല്പര്യപ്പെടുന്നത്. ഇവിടെ പ്രതി ഒരു സന്യാസിയാണോ, സ്കൂൾ പ്രിൻസിപ്പാളാണോ അതോ സാധാരണക്കാരനാണോ എന്നതല്ല വിഷയം, നീതി നടപ്പാകുന്നുണ്ടോ എന്നത് മാത്രമാണ് പ്രധാനം." എന്ന് സംഘടനയുടെ പ്രതിനിധിയായ ഹേമമാലി അബേരത്ന പ്രതികരിച്ചു. മതപരമായ അധികാരവും അതിന്റെ ദുഷ് വൃത്തികളും നിയമവ്യവസ്ഥയും തമ്മിലുള്ള വലിയ ബലാബലമായും വിശേഷിപ്പിക്കുന്നു.










0 comments