ad
Deshabhimani

'എപ്‌സ്റ്റീനെ കണ്ടപ്പോൾ തന്നെ അസ്വസ്ഥത തോന്നി'; ടെക് ​ഗുരു ബ്രയാൻ ജോൺസൺ

BRYAN EPSTEIN
വെബ് ഡെസ്ക്

Published on Feb 02, 2026, 10:37 AM | 1 min read

ന്യൂയോർക്ക്: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെ എട്ട് വർഷം മുമ്പ് വീഡിയോ കോളിലൂടെ കണ്ടപ്പോൾ തന്നെ തനിക്ക് വലിയ അസ്വസ്ഥതയും ഭയവും തോന്നിയിരുന്നതായി ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ. തന്റെ കമ്പനിയായ 'കെർണലിന്റെ' നിർമാണ ഘട്ടത്തിൽ ഒരു സുഹൃത്ത് വഴിയാണ് എപ്‌സ്റ്റീനെ പരിചയപ്പെട്ടത്. പത്ത് മിനിറ്റ് നീണ്ട ആ സംഭാഷണം തന്നെ മാനസികമായി തളർത്തിയെന്നും എപ്‌സ്റ്റീൻ ഒരു ഇരുണ്ട വ്യക്തിത്വത്തിന് ഉടമയാണെന്ന് അപ്പോൾ തന്നെ തിരിച്ചറിഞ്ഞതായും ജോൺസൺ പറഞ്ഞു.


യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ അന്വേഷണ ഫയലുകളിൽ തന്റെ പേര് ഉൾപ്പെട്ട സാഹചര്യത്തിലാണ് ജോൺസന്റെ ഈ പ്രതികരണം. എപ്‌സ്റ്റീനുമായുള്ള വീഡിയോ കോളിന് ശേഷം ഉടൻ തന്നെ ഇതിന് വഴിയൊരുക്കിയ സുഹൃത്തിനെ വിളിച്ച് തന്റെ പ്രതിഷേധം അറിയിച്ചുവെന്നാണ് ജോൺസൺ പറയുന്നത്. എപ്‌സ്റ്റീന്റെ സാമീപ്യം പോലും അപകടകരമായി തോന്നിയെന്നും ഇനിയൊരിക്കലും അയാളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ അന്ന് വ്യക്തമാക്കിയതായി ജോൺസൺ പറഞ്ഞു.


എപ്‌സ്റ്റീനുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ജോൺസൺ ശ്രമിച്ചതായി രേഖകളിൽ ഉണ്ടെങ്കിലും അത് വെറും പത്ത് മിനിറ്റ് നീണ്ട ഒരു വീഡിയോ കോൾ മാത്രമായിരുന്നുവെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ജോൺസന്റെ വാദം.


എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ ഫയലുകളിൽ ഡൊണാൾഡ് ട്രംപ്, ബിൽ ഗേറ്റ്‌സ്, ഇലോൺ മസ്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുടെ പേരുകളും പരാമർശിക്കപ്പെടുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പല പ്രമുഖർക്കായി എത്തിക്കുകയും ചെയ്ത കേസുകളിൽ പ്രതിയായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ 2019-ൽ വിചാരണ കാത്ത് ജയിലിൽ കഴിയുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home