ആരോഗ്യം മോശം; ബ്രസീൽ മുൻ പ്രസിഡന്റ് ബോൾസനാരോയ്ക്ക് വീട്ടുതടങ്കൽ അനുവദിച്ചു

സാവോ പോളാ : ഭരണം അട്ടിമറിയ്ക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് 27 വർഷം തടവുശിക്ഷ അനുഭവിക്കുന്ന മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോ വീട്ടുതടങ്കലിൽ കഴിയണമെന്ന് സുപ്രീം കോടതി. ശിക്ഷ കാലയളവ് വീട്ടിനുള്ളിൽ അനുഭവിച്ചാൽ മതിയെന്ന് ജസറ്റിസ് അലക്‌സാണ്ടർ മോറസ് പുറത്തിറക്കിയ വിധിയിൽ പറയുന്നു. ആരോഗ്യം മോശമായതിനെ തുടർന്നാണ് ഇളവ്. ഇൗ തീരുമാനം 90 ദിവസത്തിന് ശേഷംപുനഃപരിശോധിക്കും. ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനു പകരം വീട്ടിൽ തന്നെ 27 വർഷത്തെ തടവ് അനുഭവിക്കാനാണ് അനുമതി.
മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും അഭിമുഖങ്ങൾ നൽകരുതെന്നും കർശന നിർദേശമുണ്ട്. നിരീക്ഷണത്തിനായി കാലിൽ മോണിറ്റർ ഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ബോൾസനാരോയുടെ വീടിനു മുന്നിൽ യാതൊരു തരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ല. വീട് ലോക്കൽ പൊലീസ് ഇടയ്ക്കിടെ പരിശോധിക്കും. ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും ഒഴികെ ബോൾസനാരോയ്ക്ക് മറ്റ് സന്ദർശകരെയും അനുവദിക്കില്ല. മാർച്ച് 13ന് ന്യൂമോണിയ സ്ഥിരീകരിച്ചത് മുതൽ ബോൾസനാരോ ബ്രസീലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ന്യുമോണിയയ്ക്ക് പുറമെ വൃക്ക സംബന്ധമായ പ്രശ്നങ്ങളും കാരണം ബോൾസനാരോ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നവംബറിലാണ് കേസിൽ ബോൾസനാരോയെ കുറ്റക്കാരനായി കണ്ടെത്തിയത്. അന്നുമുതൽ തടവുശിക്ഷ വീട്ടിലേക്ക് മാറ്റണമെന്ന് കുടുംബം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ജനുവരിയിൽ ബോൾസോനാരോയെ പ്രാദേശിക ഫെഡറൽ പൊലീസ് ആസ്ഥാനത്ത് നിന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റി.
ബോൾസനാരോയെ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരം. ബോൾസോനാരോയുടെ ആരോഗ്യനില സ്ഥിരമാണെന്നും മറ്റ് സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ വീട്ടുതടങ്കലിൽ ആരംഭിക്കുമെന്നും മാധ്യമപ്രവർത്തകരോട് ബോൾസനാരോയെ പരിശോധിക്കുന്ന ഡോ. ബ്രസീൽ കയാഡോ പറഞ്ഞു.










0 comments