ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു

ലോസ് ഏഞ്ചൽസ് : അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. രണ്ടു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം നേടിയ ഫോർമാന്റെ മരണവിവരം കുടുംബമാണ് പങ്കുവച്ചത്. ബോക്സിങ് റിങ്ങിൽ ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ 1960കളിലാണ് കരിയർ ആരംഭിച്ചത്. ഒളിമ്പിക്സ് സ്വർണമടക്കം നിരവധി ബഹുമതികൾ നേടി.
1949ൽ ടെക്സസിലെ മാർഷലിലായിരുന്നു ഫോർമാന്റെ ജനനം. 1968ൽ മെക്സിക്കോയിൽ നടന്ന ഒളിമ്പിക്സിൽ 19ാം വയസിൽ സ്വർണം നേടി. പിന്നീട് തുടർച്ചയായി 37 മത്സരങ്ങൾ വിജയിച്ചു. 1973-ൽ ജമൈക്കയിലെ കിംഗ്സ്റ്റണിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യനായിരുന്ന ജോ ഫ്രേസിയറെ പരാജയപ്പെടുത്തി.
1973ലാണ് ആദ്യ ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം നേടുന്നത്. 1974ൽ റംബിൾ ഇൻ ദ ജംഗിൾ എന്നറിയപ്പെട്ട വിഖ്യാത മത്സരത്തിൽ മുഹമ്മദലിയുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. 1994ൽ 45ാം വയസിൽ വീണ്ടും ചാമ്പ്യനായി. ലോക ചാമ്പ്യനായ ഏറ്റവും പ്രായം കൂടിയ താരമായിരുന്നു. 1997ലാണ് സ്പോർട്സിൽ നിന്ന് വിരമിക്കുന്നത്.









0 comments