പുതിയ കരാർ നിരസിച്ചു; ബോയിങ് തൊഴിലാളികൾ സമരത്തിൽ

മിസൗറി : സൈനിക വിമാനങ്ങളും ആയുധങ്ങളും നിർമിക്കുന്ന മൂന്ന് മിഡ്‌വെസ്റ്റ് പ്ലാന്റുകളിലെ ബോയിങ് തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്. കമ്പനിയുടെ പുതിയ കരാർ ഓഫർ നിരസിക്കാനും ഏകദേശം മൂന്ന് മാസം മുമ്പ് ആരംഭിച്ച പണിമുടക്ക് തുടരാനും തൊഴിലാളികൾ തീരുമാനിച്ചതായി യൂണിയൻ വ്യക്തമാക്കി. മിസോറിയിലെ സെന്റ് ലൂയിസ്, സെന്റ് ചാൾസ് എന്നിവിടങ്ങളിലെയും ഇല്ലിനോയിസിലെ മസ്‌കൗട്ടയിലെയും പ്ലാന്റുകളിലെ ഏകദേശം 3,200 മെഷീനിസ്റ്റുകളാണ് പണിമുടക്കുന്നത്.
"തങ്ങളുടെ ജീവനക്കാരുടെ ആവശ്യങ്ങൾ കേൾക്കുന്നുണ്ട് എന്നാണ് ബോയിംഗ് അവകാശപ്പെട്ടത്. ഇന്നത്തെ വോട്ടെടുപ്പ് ഫലം അവർ അങ്ങനെ ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നു" - ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് മെഷീനിസ്റ്റ് യൂണിയൻ പ്രസിഡന്റ് ബ്രയാൻ ബ്രയന്റ് പ്രസ്താവനയിൽ പറഞ്ഞു. വേതനം, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമായില്ലെന്ന് യൂണിയൻ നേതാക്കൾ പറയുന്നു. സീനിയോറിറ്റിയുള്ള തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യങ്ങളിലും വേതന വർദ്ധനവിലും കാര്യമായ തീരുമാനങ്ങൾ ഇല്ലാത്ത പുതിയ കരാർ അംഗീകരിക്കില്ലെന്നും യൂണിയൻ പറഞ്ഞു.
20 ശതമാനം വേതന വർദ്ധനവ് ഉൾപ്പെടുന്ന കരാർ മുമ്പ് തൊഴിലാളികൾ നിരസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബോയിങ് പരിഷ്കരിച്ച കരാറുമായെത്തിയത്. ഇത് നിരസിച്ചതിനുപിന്നാലെ സമരം പുനരാരംഭിക്കാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു. പ്രതിരോധ, ബഹിരാകാശ, സുരക്ഷാ ബിസിനസിൽ നിന്നാണ് ബോയിങ്ങിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നോളം. പണിമുടക്ക് ഇതിനെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും സമരത്തെ നേരിടാൻ സജ്ജമാണെന്നാണ് കമ്പനി വക്താക്കൾ അറിയിക്കുന്നത്.








0 comments