ഫ്രാൻസിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭം; പതിനായിരങ്ങൾ തെരുവിൽ

സർക്കാർ വിരുധ മുദ്രാവാക്യങ്ങളുമായി ഫ്രാൻസിൽ പ്രകടനം നടത്തുന്ന പ്രതിഷേധക്കാർ | Photo: AFP
പാരിസ്: സർക്കാർ നയങ്ങൾക്കെതിരെ ഫ്രാൻസിൽ അലയടിച്ച് പ്രക്ഷോഭം. പാരിസിലും ഫ്രാൻസിൻ്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും തീയിടുകയും ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 200ലേറെപ്പേർ അറസ്റ്റിലായി.
റെന്നെസിൽ പ്രതിഷേധക്കാർ ഒരു ബസ് കത്തിച്ചെന്നും വൈദ്യുതി ലൈൻ തകരാറിലായതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ മേഖലയിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചെന്നും ആഭ്യന്തര മന്ത്രി ബ്രൂണോ റെറ്റെയിലോ പറഞ്ഞു. 80,000 പൊലീസുകാരെ പ്രതിഷേധക്കാരെ നേരിടാനായി നിയോഗിച്ചുവെങ്കിലും ഫലം കണ്ടില്ല.
തിങ്കളാഴ്ച പാര്‍ലമെന്റിലെ വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയത്. പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ നോമിനിയായി സെബാസ്റ്റ്യൻ ലെകോർനു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ പ്രക്ഷോഭം കലാപത്തിലേക്ക് വഴിവെച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ജനവിരുധവുമായ നയങ്ങൾക്കെതിരെ യുവാക്കളുൾപ്പെടെ തെരുവിലാണ്. 'എല്ലാം തടയുക'(Block Everything) എന്ന മുദ്രാവാക്യമുയർത്തി സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.









0 comments