യുഎസിൽ സ്‍ഫോടകവസ്‍തു നിര്‍മാണശാലയിൽ വൻ പൊട്ടിത്തെറി; 19 പേരെ കാണാതായി

വാഷിങ്ടൺ : യുഎസിലെ ടെന്നസിയില്‍ സൈന്യത്തിന് സ്‍ഫോടകവസ്‍തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 19 പേരെ കാണാതായി. വെള്ളി രാവിലെ ടെന്നസിയിലെ ഹിക്മാന്‍ കൗണ്ടിയിലെ ബക്സ്‍നോര്‍ട്ടില്‍ അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസിലാണ് പൊട്ടിത്തെറിയുണ്ടായത്.
നിരവധി പേരെ കാണാതായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും കുലുങ്ങി. വാഹനങ്ങള്‍ തകര്‍ന്നു. മരണസംഖ്യയടക്കം കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎസ് സൈന്യത്തിനായി മൈനുകളടക്കമുള്ള സ്‍ഫോടകവസ്‍തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയാണിത്.
സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് തെറിച്ചുവീണു. 24 കിലോമീറ്റർ അകലെയുള്ള ആളുകൾ സ്ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാഷ്‌വില്ലിൽ നിന്ന് ഏകദേശം 60 മൈൽ (97 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായി ബക്‌സ്‌നോർട്ട് പ്രദേശത്തെ വനപ്രദേശത്തുള്ള കുന്നുകളിൽ വ്യാപിച്ചുകിടക്കുന്ന എട്ട് കെട്ടിടങ്ങളിണ് സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പ്രോസസ്സ് ചെയ്യുന്നതെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു. സ്‌ഫോടനം നടന്നപ്പോൾ പ്ലാന്റിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്ഫോടനകാരണവും വ്യക്തമല്ല. തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതിനാൽ രക്ഷാസംഘത്തിന് ആദ്യസമയങ്ങളിൽ പ്രദേശത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. യുഎസ് ആർമിയ്ക്കും നാവികസേനയ്ക്കുമുള്ള യുദ്ധോപകരണങ്ങളും സ്ഫോടകവസ്തുക്കളും വിതരണം ചെയ്യുന്നതിനായി കമ്പനിക്ക് നിരവധി സൈനിക കരാറുകൾ നൽകിയിട്ടുണ്ട്.










0 comments