പാകിസ്ഥാനിൽ വീണ്ടും ആക്രമണം ; 90 സൈനികരെ കൊന്നുവെന്ന് ബിഎൽഎ , 3 പേരെന്ന് സർക്കാർ

കറാച്ചി : ട്രെയിൻ റാഞ്ചലിന് പിന്നാലെ, പാകിസ്ഥാനെ ഭീതിയിലാഴ്‌ത്തി വീണ്ടും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണം. ബലൂചിസ്ഥാനിലെ നൊഷ്‌കി ജില്ലയിലെ ഹൈവേയിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഞായറാഴ്‌ച നടത്തിയ ആക്രമണത്തിൽ 90 സൈനികർ കൊല്ലപ്പെട്ടതായി ബിഎൽഎ അവകാശപ്പെട്ടു. എന്നാൽ, മൂന്ന് അതിർത്തിസേനാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പൂർണമായും കത്തിക്കരിഞ്ഞ സൈനിക ബസിന്റെ ചിത്രം പുറത്തുവന്നു.
സ്‌ഫോടകവസ്‌തുക്കൾ നിറച്ച കാറുമായി വന്ന ചാവേർ സൈനിക വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിസരത്തുണ്ടായിരുന്ന മറ്റ് തീവ്രവാദികൾ സൈനികവാഹന വ്യൂഹത്തിനുനേരെ തുടർച്ചയായി വെടിവച്ചു. ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. പരിക്കേറ്റ 30 അർധസൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്‌ചയാണ് 440 യാത്രക്കാരുമായി പോയ ജാഫർ എക്‌സ്‌പ്രസ് ബിഎൽഎ റാഞ്ചിയത്. തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിൽ 33 തീവ്രവാദികളെ കൊന്നതായി പാക് സൈന്യം അറിയിച്ചിരുന്നു.
26 യാത്രക്കാർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ബിഎൽഎ പുറത്തുവിട്ട കണക്ക് ഇതിലും വളരെയധികമാണ്.









0 comments