ചൈനീസ് വിസ ലഭിക്കാത്തത് തുണയായി; നേപ്പാൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ബംഗാള്‍ സ്വദേശി

കൊൽക്കത്ത: കൈലാസ് മാനസരോവർ യാത്രയ്ക്കുള്ള ചൈനീസ് വിസ നിരസിക്കപ്പെട്ടത് തപതി സിംഗയ്ക്ക് വലിയ നിരാശയായിരുന്നു. എന്നാൽ ദിവസങ്ങൾക്കിപ്പുറം അതേ കാരണം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്നി 61കാരിയായ പശ്ചിമ ബംഗാൾ സ്വദേശിയായ തപതി. ഇവർ യാത്ര ചെയ്യേണ്ടിയിരുന്ന സംഘത്തിലെ 32 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.
പശ്ചിമ ബംഗാളിൽനിന്നുള്ള 33 പേരടങ്ങുന്ന സംഘമാണ് കൈലാസ് മാനസരോവർ തീർഥാടനത്തിനായി നേപ്പാൾ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. മെയ് മുതൽ തന്നെ കൊൽക്കത്ത ആസ്ഥാനമായ ട്രാവൽ ഏജൻസി ഒരുക്കിയ 13 ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിൽ തപതിയും പങ്കെടുത്തിരുന്നു. യോഗങ്ങളിലും ഷോപ്പിങ്ങിലും ട്രെക്കിങ് പരിശീലനത്തിലും അവർ സംഘത്തിനൊപ്പമുണ്ടായിരുന്നു.
എന്നാൽ യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ തപതിയുടെ വിസ ചൈന നിരസിച്ചു. കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതിന്റെ നിരാശയിൽ അവർ പിന്നീട് ലഡാക്കിലേക്ക് പോകുകയായിരുന്നു.
ഇതിനിടെയാണ് നേപ്പാളിൽ കനത്ത മിന്നൽപ്രളയം ദുരന്തം വിതച്ചത്. 359 പേരുടെ ജീവനെടുത്ത പ്രളയത്തിന് പിന്നാലെ തപതിക്കൊപ്പം കൈലാസ് യാത്രയ്ക്ക് തയ്യാറെടുത്തിരുന്ന 32 പേരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
യാത്ര സംഘടിപ്പിച്ച കൊൽക്കത്തയിലെ ട്രാവൽ ഏജൻസിയുടെ നേപ്പാളിലെ പങ്കാളികൾക്കും സംഘത്തിലെ ആരുമായും ബന്ധപ്പെടാനായിട്ടില്ല. വിവരങ്ങൾ കണ്ടെത്തുന്നതിനായി ഏജൻസിയുടെ നാല് ഉദ്യോഗസ്ഥർ നേപ്പാളിലെത്തിയിട്ടുണ്ട്.
വിസ നിരസിക്കപ്പെട്ടതോടെ തകർന്നുപോയിരുന്നെങ്കിലും ഇപ്പോൾ അതിനെ മറ്റൊരു രീതിയിലാണ് കാണുന്നതെന്ന് തപതി പറഞ്ഞു. ലഡാക്ക് യാത്ര വെട്ടിച്ചുരുക്കിയ അവർ വ്യാഴാഴ്ച രാത്രി കൊൽക്കത്തയിലേക്ക് മടങ്ങും.
നേപ്പാളിൽ കാണാതായ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി കുടുംബങ്ങളും ട്രാവൽ ഏജൻസിയും കാത്തിരിക്കുകയാണ്.










0 comments