ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം; വിരമിക്കൽ പ്രഖ്യാപനം നടത്തി ബാർഡ് കോളേജ് പ്രസിഡൻ്റ്

ലിയോൺ ബോട്ട്സ്റ്റീൻ| image credit: The New York Times, Redux
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി അടുത്തബന്ധം സൂക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിരമിക്കൽ പ്രഖ്യാപനം നടത്തി ബാർഡ് കോളേജ് പ്രസിഡൻ്റ് ലിയോൺ ബോട്ട്സ്റ്റീൻ. അരനൂറ്റാണ്ടിലേറെയായി ന്യൂയോർക്കിലെ ലിബറൽ ആർട്സ് കോളേജായ ബാർഡ് കോളേജിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത് ബോട്ട്സ്റ്റീനാണ്.
ജൂണ്‍ അവസാനത്തോടെ ബാർഡ് കോളേജ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന് ലിയോൺ ബോട്ട്സ്റ്റീൻ വെള്ളിയാഴ്ച പറഞ്ഞതായി എപി ന്യൂസ് റിപ്പോർട്ട് ചെയ്തു. തീരുമാനം കോളേജിനെ അറിയിക്കുകയും ചെയ്തു. അതേസമയം, അധ്യാപകനായും സംഗീതജ്ഞനായും കോളേജിൽ തുടരും. ലൈംഗിക കുറ്റവാളിയെന്ന നിലയിൽ ശിക്ഷിക്കപ്പെട്ടിട്ടും എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയെന്നാണ് ലിയോൺ ബോട്ട്സ്റ്റീനെതിരെയുള്ള ആരോപണം. എപ്സ്റ്റീൻ ഫയൽസിൽ പരാമർശിക്കപ്പെട്ടവരുമായും ലിയോൺ ബോട്ട്സ്റ്റീൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. എപ്സ്റ്റീൻ ഐലൻഡിൽ പെൺകുട്ടികളെ ചൂഷണം ചെയ്തുവെന്ന രീതിയിൽ ബോട്ട്സ്റ്റീന്റെ പേര് എവിടെയും പരാമർശിച്ചിട്ടില്ല.
എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ബോട്ട്സ്റ്റീനും ജെഫ്രി എപ്സ്റ്റീനുമായി നിരവധി കൂടിക്കാഴ്ചകൾ നടന്നിട്ടുള്ളതായി പറയുന്നു. പല തവണ ബാർഡ് കോളേജിലും എപ്സ്റ്റീൻ എത്തിയിരുന്നതായി തെളിവുകളുണ്ട്. 2013ൽ കോളേജിലെ ചടങ്ങിൽ അതിഥിയായി പങ്കെടുക്കാനും ബോട്ട്സ്റ്റീൻ എപ്സ്റ്റീന ക്ഷണിച്ചിട്ടുണ്ട്. കൂടാതെ 2018ൽ എപ്സ്റ്റീനെതിരെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് മിയാമി ഹെറാൾഡിൽ ഒരു റിപ്പോർട്ട് വന്നതിന് പിന്നാലെയും ഇരവരും തമ്മിൽ സംഭാഷണം നടത്തിയിട്ടുണ്ട്. എപ്സ്റ്റീനുമായി തനിക്ക് വ്യക്തിപരമായ അടുപ്പമില്ലെന്നും കോളേജിന്റെ ഫണ്ടിങ്ങിനായി മാത്രമാണ് തങ്ങൾ സംസാരിക്കാറുള്ളതെന്നുമാണ് നേരത്തെ ബോട്ട്സ്റ്റീൻ പറഞ്ഞിരുന്നത്.










0 comments