രാഷ്‌ട്രപിതാവ് മുജീബുർ റഹ്‌മാന്റെ വീട് തകർത്തു , 2 മാധ്യമസ്ഥാപനങ്ങൾ തകർത്തു, മാധ്യമപ്രവർത്തകരെ ആക്രമിച്ചു
print edition ബംഗ്ലാദേശിൽ വീണ്ടും കലാപം ; രാജ്യവ്യാപകമായി പ്രക്ഷോഭം , പലയിടത്തും അക്രമാസക്തം

ബംഗ്ലാ പത്രമായ ‘പ്രൊഥം ആലോ'യുടെ ധാക്കയിലെ ഓഫീസിന് മുൻവശത്ത് പ്രക്ഷോഭകാരികൾ തീയിട്ടപ്പോൾ
ധാക്ക
ഇടവേളയ്‌ക്കുശേഷം ബംഗ്ലാദേശിനെ വീണ്ടും അരക്ഷിതാവസ്ഥയിലാക്കി വ്യാപക കലാപം. യുവജനനേതാവും കടുത്ത ഇന്ത്യാ വിമർശകനുമായ ഷെരീഫ് ഉസ്‌മാൻ ബിന്‍ ഹാദി (32) വെടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചതിനെ തുടർന്നാണ് രാജ്യം വീണ്ടും അരക്ഷിതാവസ്ഥയിലായത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വ്യാപകമായി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യതലസ്ഥാനത്തെ രണ്ട് പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി. രാഷ്‌ട്രപിതാവ് മുജീബുർ റഹ്‌മാന്റെ വീട് തകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി മുഖ്യഉപദേഷ്‌ടാവ് മൊഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു.
ഷെയ്‌ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാറിന്റെ 15 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യംകുറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സംഘാടനത്തില്‍ മുഖ്യപങ്കുള്ള ഷെരീഫ് ഉസ്‌മാൻ ബിന്‍ ഹാദിക്ക് 12നാണ് അജ്ഞാതരുടെ വെടിയേറ്റത്. സിംഗപ്പുരിൽ ചികിത്സയിലായിരുന്ന ഹാദി വ്യാഴാഴ്‌ചയാണ് മരിച്ചത്. ഫെബ്രുവരിയില്‍ രാജ്യത്ത് പ്രഖ്യാപിച്ച പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാന്‍ ഹാദി തീരുമാനിച്ചിരുന്നു. ഹാദിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെയാണ് പലയിടത്തും അതിക്രമങ്ങളുണ്ടായത്.
ബംഗ്ലാദേശിലെ പ്രധാന ബംഗ്ലാ ദിനപത്രം ‘പ്രൊഥം ആലോ'യുടെ ധാക്ക കർവാൻ ബസാറിലെ ഓഫീസ് അടിച്ചുതകർത്തു. ഇംഗ്ലീഷ് ദിനപത്രം ഡെയ്‌ലി സ്റ്റാറിന്റെ ഓഫീസിന് തീയിട്ടു.
35 വർഷത്തിനിടെ ആദ്യമായി ഡെയ്‌ലി സ്റ്റാറിന്റെ അച്ചടി മുടങ്ങി. തീയിട്ടതോടെ കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിയ 28 മാധ്യമപ്രവര്‍ത്തകരെ സൈന്യം എത്തിയാണ് രക്ഷപ്പെടുത്തിയതെന ഡെയ്‌ലി സ്റ്റാർ പത്രാധിപ സമിതി അംഗം കമാൽ അഹമ്മദ് പറഞ്ഞു. കെട്ടിടത്തിന്റെ വലിയൊരു ഭാഗം പൂർണമായും കത്തിയമർന്നു. മതനിരപേക്ഷ, പുരോഗമന നിലപാടുകൾ പുലർത്തുന്ന ഇൗ പത്രങ്ങൾ ഇടക്കാല സർക്കാരിന്റെ നയങ്ങളെ ശക്തമായി വിമർശിച്ചതാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
മാധ്യമസ്ഥാപനങ്ങൾക്ക് നേരെ നടന്ന അതിക്രമത്തിൽ ഇടക്കാല സർക്കാർ മാപ്പ് ചോദിച്ചു. ഇന്ത്യ ഹാദിയുടെ കൊലയാളികൾക്ക് അഭയം നൽകുന്നതായി ആരോപിച്ച പ്രക്ഷോഭകാരികൾ ധാക്കയിലെ ഇന്ത്യൻ എംബസി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹൈകമീഷണറുടെ വീടിനുനേരെ കല്ലേറുണ്ടായി.
ഹാദിയുടെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്നും മുഹമ്മദ് യൂനുസ് പ്രതികരിച്ചു. ശനിയാഴ്‌ച രാജ്യവ്യാപകമായ ദുഃഖാചരണം പ്രഖ്യാപിച്ചു. ഹാദിയുടെ മൃതദേഹം സിംഗപ്പുരില്‍നിന്ന് ധാക്കയിലെത്തിച്ചു. പൊതുദര്‍ശനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.










0 comments